
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സർവ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ 13 പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. ഇതുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തിയായിരുന്നു ഇന്ന് പൊലീസുകാര്‍ക്കിടയില്‍ സംഘർഷമുണ്ടായത്. യുഡിഎഫ് അനുകൂല പൊലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാക്ക് തർക്കത്തെ തുടർന്ന് പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി ആർ അജിത്തിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പാനൽ സഹകരണ സംഘം ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാർത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു പോകാൻ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും ചെവികൊള്ളാതെ പൊലീസുകാർ തമ്മിൽ ഉന്തും തള്ളും തുടങ്ങി. പിന്നീട് കൂടുതൽ പൊലീസെത്തി ഓഫീസിൽ നിന്നും എല്ലാവരെയും പുറത്താക്കി. മർദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പൊലീസുകാർ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. പൊലീസിന്‍റെ നിർദ്ദേശം മറികടന്ന് ധർണ നടത്തിയതിന് ജിആർ അജിത്തുള്‍പ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam