രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെന്റ് ചെയ്തു

By Web TeamFirst Published Apr 19, 2024, 4:26 PM IST
Highlights

ഗുജറാത്ത് കാലപത്തെകുറിച്ചുളള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു, പ്രതിഷേധ പ്രകടനങ്ങൾ നടത്തി എന്നിവ അച്ചടക്ക ലംഘനങ്ങളായി കാണിച്ചാണ് നടപടി

മുംബൈ: രാജ്യവിരുദ്ധ പ്രവർത്തി ആരോപിച്ച് മലയാളി വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. മുംബൈ ടിസ്സിലെ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) ഗവേഷക വിദ്യാർത്ഥി രാമദാസിനാണ് രണ്ടു വ‌ർഷത്തേക്ക് കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തത്. പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്. ദില്ലിയിൽ നടന്ന സംയുക്ത വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. രാമദാസ് ക്യാമ്പസിൽ അച്ചടക്ക ലംഘനം കാണിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ആരോപിക്കുന്നു. ഗുജറാത്ത് കാലപത്തെകുറിച്ചുളള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു, പ്രതിഷേധ പ്രകടനങ്ങൾ നടത്തി എന്നിവ അച്ചടക്ക ലംഘനങ്ങളായി കാണിച്ചാണ് നടപടി. അതേസമയം സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.

ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ PSF - TISS എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ചത് ചട്ടലംഘനമായി കാണിച്ച് നേരത്തെ രാമദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സംഘടനയുമായി ഇൻസ്റ്റിറ്റ്യൂട്ടിന് യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും പേരുപയോഗിച്ചു എന്നായിരുന്നു കാരണം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനാദരവും പ്രതിഷേധവും ഉയർത്തി രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ പങ്കുവച്ചു, അത് ക്യാംപസിൽ പ്രദർശിപ്പിച്ചു, ഭഗത് സിങ് അനുസ്മരണ പരിപാടിയിൽ വിവാദ പ്രഭാഷകരെ പങ്കെടുപ്പിച്ചു, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാത്രിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി, വിശദീകരണം തേടി നൽകിയ നോട്ടീസുകളിൽ അനാദരവോടെ പ്രതികരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാമദാസിനെതിരെ ഉയർത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!