
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെ എന്ന വാദം ആവർത്തിച്ച് ഒരു വിഭാഗം മുസ്ലീം സമുദായ സംഘടനകൾ കോടതിയെ സമീപിക്കും. വഖഫ് അല്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ കൊച്ചിയിൽ ചേർന്ന സംഘടനകളുടെ യോഗം തീരുമാനിച്ചു. ഭൂമി വഖഫ് ആയി നില നിർത്തി താമസക്കാരുടെ പുനരധിവാസത്തിനു സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് സംഘടനകളുടെ യോഗത്തിൽ ഉയർന്ന ആവശ്യം. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് വിവിധ മുസ്ലിം സംഘടനകൾ യോഗം ചേർന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും സർക്കാരിന് ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാൽ വഖഫ് ഭൂമിയല്ലെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്ന് ഹൈക്കോടതി വിട്ട് നിന്നിരുന്നു.