
മൂന്നാർ: കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്കെത്തുന്ന ദൗത്യസംഘത്തിന് കടുത്ത വെല്ലുവിളിയുമായി മുതിർന്ന
സിപിഎം നേതാവ് എം എം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കിൽ അതുമാത്രം നോക്കിയാൽ മതി. മൂന്നാർ മേഖലയിൽ 2300 ഏക്കർ കയ്യേറ്റമെന്ന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കയ്യേറ്റം നോക്കിയാൽ മതി. മൂന്നാർ സംഘത്തെ എതിർക്കുന്നില്ല. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരും വരേണ്ട, റിസോർട്ടുകളും ഹോട്ടലുകളും സുപ്രഭാതത്തിൽ മൂന്നാറിൽ പൊട്ടിമുളച്ചതല്ല, സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്. ഇതു പൊളിച്ചു കളയണമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ട. പഴയ പൂച്ചകളുടെ നടപടി ഇനിയുണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.
പൊളിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ പ്രതിരോധിക്കും. താമസസ്ഥലങ്ങളോ റിസോർട്ടുകളോ കയ്യേറ്റമെന്ന് ആരും കരുതേണ്ട. പുതിയ വനം കയ്യേറ്റം വല്ലതും ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് പരിശോധിച്ച് നടപടിയെടുക്കാമെന്നും എംഎം മണി പറഞ്ഞു. 2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കലക്ടറെന്നും കലക്ടറുടേത് വിവരക്കേടെന്നും എം എം മണി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam