ദൗത്യം മലകയറുമോ? വൻകിട കയ്യേറ്റക്കാരിൽ മുൻ ഡിജിപി സഹോദരനും, അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കർ ഭൂമിയും
ചിന്നക്കനാൽ, ആനയിറങ്കൽ മേഖലകളിലാണ് കയ്യേറ്റം അധികവും. മൂന്നാറിൽ വൻകിട കയ്യേറ്റം 349 ഏക്കർ വൻകിട റിസോർട്ടുകളും ഏലത്തോട്ടങ്ങളും ഒരേക്കറിന് മുകഴിലുള്ളത് 45 കയ്യേറ്റങ്ങൾ കണക്ക് അപൂർണമെന്നും വിമർശനം.

ഇടുക്കി: മൂന്നാറിലെത്തുന്ന ദൗത്യസംഘം അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കർ സർക്കാർ ഭൂമി. വൻകിട റിസോർട്ടുകളും, ഏലത്തോട്ടങ്ങളും തുടങ്ങി പാർട്ടി ഓഫീസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ചിന്നക്കനാൽ, ആനയിറങ്കൽ മേഖലകളിലാണ് കയ്യേറ്റം അധികവും. മൂന്നാറിൽ വൻകിട കയ്യേറ്റം 349 ഏക്കർ വൻകിട റിസോർട്ടുകളും ഏലത്തോട്ടങ്ങളും ഒരേക്കറിന് മുകഴിലുള്ളത് 45 കയ്യേറ്റങ്ങൾ കണക്ക് അപൂർണമെന്നും വിമർശനം.
2007ൽ കൊട്ടിഘോഷിച്ച് മൂന്നാറിലെത്തിയ വിഎസ് അച്യുതാനന്ദനും സംഘവും കയ്യേറ്റമൊഴിപ്പിക്കൽ പാതിവഴിയിൽ അവസാനിപ്പിച്ച് മലയിറങ്ങുകയായിരുന്നു. 16 വർഷങ്ങൾക്കുശേഷം ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിശോധിക്കുമ്പോള്‍ വന്‍കിട കയ്യേറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്. ചിന്നക്കനാൽ വില്ലേജിലെ മൂന്നാർ കേറ്ററിങ് കോളേജ്, മുൻ ഡി ജി പി ടോമിൻ ജെ തച്ചങ്കരിയുടെ സഹോദരൻ ടിസൺ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. ഇനി ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച കയ്യേറ്റക്കാരുടെ പട്ടികയിൽ പതിനൊന്നാമത്തെ പേരുകാരനാണ് ടിസൺ തച്ചങ്കരി. ഏഴ് ഏക്കർ ഏഴ് സെന്‍റ് ഭൂമിയാണ് കയ്യേറ്റം ചെയ്തിരിക്കുന്നത്. കുണ്ടള സാന്‍റോസ് കോളനിയിൽ പട്ടികജാതിക്കാർക്ക് നൽകിയ 50 ഏക്കർ ഭൂമിയാണ് വൻകിടക്കാര്‍ കയ്യേറിയത്. പള്ളിവാസലിൽ ജോളി പോളിന്‍റെ കൈവശമുള്ളത് മുപ്പത് ഏക്കർ ഭൂമിയാണ്. ആനയിറങ്കൽ വൻകിടക്കാരടക്കം 44 ഏക്കർ ഭൂമിയാണ് കയ്യേറിയത്. ഏട്ടും പത്തും വെച്ച് പലരുടെ പേർക്ക് കൂട്ടിനോക്കിയാൽ 45 കയ്യേറ്റക്കാരുടേതായി 349 ഏക്കർ. ഒരേക്കറിനുതാഴെയുളള കയ്യേറ്റക്കാരുടെ പട്ടികയൊഴിവാക്കിയുള്ളതാണ് ഈ കണക്ക്.
Also Read: ദൗത്യസംഘം നടപടിയെടുക്കുമോ?; മൂന്നാറിലെ വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ സഹോദരനും
മൂന്നാറിലെ മലകയറുന്ന ദൗത്യസംഘത്തിന് കറുപ്പും വെളുപ്പും നോക്കാതെ കയ്യേറ്റക്കാരെ കൈയാമം വെയ്ക്കാൻ കഴിയുമോയെന്നാണ് ഇനി കണ്ടെറിയേണ്ടത്. സർക്കാർ ഹൈക്കോടതിയ്ക്ക് സമർപ്പിച്ച പട്ടികയ്ക്ക് പുറത്തും വൻകിട റിസോർട്ടുകൾക്കടക്കം നോട്ടീസ് നൽകിയിട്ടുണ്ട്. ഹൈക്കോടതിയിലേതടക്കമുളള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി കയ്യറ്റമൊഴിപ്പിക്കാൻ ദൗത്യം സംഘത്തിന് പെടാപ്പാടുപെടേണ്ടിവരും.