
കൊച്ചി: മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്നും സർക്കാർ കോടതിയില്‍ നിലപാട് വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും കോടതിയെ അറിയിച്ചു.
മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഇല്ലെന്നും പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും എ ജി വിശദീകരിച്ചു. കയ്യേറ്റങ്ങൾക്ക് പിന്നിൽ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.
അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയം നൽകിയത് അർഹർക്കാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടുക്കി ജില്ലയിൽ നൽകിയ പട്ടയങ്ങൾ വ്യാജമല്ലെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം നൽകിയതെന്നും പട്ടയമേളയിലാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തതെന്നും അർഹർ ഉൾപ്പെട്ടതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സർക്കാർ അറിയിച്ചു.
ലൈംഗികാതിക്രമ കേസ്; സിപിഎം നേതാവായ അഭിഭാഷകനെ രക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് പരാതിക്കാരി