
കാസര്‍കോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഔഫിൻ്റെ വീട്ടിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങൾ ഔഫിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണെന്നും ഔഫിൻ്റെ കുടുംബത്തിൻ്റെ വേദനയിൽ തങ്ങളും പങ്കു ചേരുന്നുവെന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മുനവറലി തങ്ങൾ പറഞ്ഞു.
ഔഫിൻ്റെ കുടുംബാംഗങ്ങളെ കാണാൻ പ്രാദേശിക ലീഗ് നേതാക്കൾക്കൊപ്പമാണ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയെങ്കിലും മുനവ്വറലി തങ്ങളെ മാത്രമാണ് നാട്ടുകാര്‍ ഔഫിൻ്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. മുനവ്വറലി തങ്ങളുടെ വാഹനം തടഞ്ഞ പ്രദേശവാസികൾ ബാക്കിയുള്ള നേതാക്കൾ വീട്ടിൽ കയറാൻ സമ്മതിക്കില്ലെന്ന കര്‍ശന നിലപാടാണ് സ്വീകരിച്ചത്.
പ്രാദേശിക വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് വഴി തുറന്നത്. അതല്ലാതെ ഉന്നത ഗൂഢാലോചന ഇതിൽ ഇല്ല. മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ ലക്ഷ്യം അതല്ല. ഇവിടെ നീതി ലഭിക്കണം. കേസിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണ്. യൂത്ത് ലീഗോ മുസ്ലീം ലീഗോ അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. പാര്‍ട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഞാൻ ഇവിടെ എത്തിയത്. രാഷ്ട്രീയ കൊലക്കളിലെ ഇരകളുടെ വികാരം തിരിച്ചറിയുന്ന അവരോടൊപ്പം നിൽക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുസ്ലീം ലീഗ് സ്വീകരിക്കില്ല. ഔഫിൻ്റെ കുടുംബത്തിൻ്റെ വേദനയിൽ ഞങ്ങളും പങ്കു ചേരുകയാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ ഇന്നാട്ടിൽ ആരും കൊലപ്പെട്ടരുത്. റൗഫിൻ്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം എന്നാണ് ഞങ്ങളുടെ ആവശ്യം. കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്നലെ തന്നെ യൂത്ത് ലീഗിൽ നിന്നും പുറത്താക്കിയതാണ് - മുനവ്വറലി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam