ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

By Web TeamFirst Published Apr 19, 2019, 12:03 PM IST
Highlights

കുട്ടിയുടെ അച്ഛനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തുടര്‍ന്ന കുഞ്ഞ് രാവിലെ 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

കൊച്ചി: ആലുവയിൽ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.  കുട്ടിയുടെ മാതാപിതാക്കൾ ഇവർ തന്നെയാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. അന്വേഷണത്തിനായി പൊലീസിന്‍റെ ഒരു സംഘം ജാർഖണ്ഡിലേക്കും ഒരു സംഘം ബംഗാളിലേക്കും തിരിച്ചു. ജാർഖണ്ഡ് പൊലീസുമായും ബംഗാൾ പൊലീസുമായും കൊച്ചി പൊലീസ് കമ്മീഷണർ ബന്ധപ്പെട്ടു. റിമാൻറിലുള്ള അമ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. 

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചെ തീര്‍ത്തും വഷളാവുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. 

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മർദ്ദിച്ചതെന്നാണ് ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴി. ഇവര്‍ റിമാന്‍ഡിലാണ്. കുട്ടിയുടെ അച്ഛന്‍റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ബുധനാഴ്ച വൈകുന്നേരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ പൃഷ്ടഭാഗത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു. പരിക്കുകള്‍ മര്‍ദ്ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പൊലീസിനെയും ചൈല്‍ഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്  പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.

click me!