വധഗൂഢാലോചന കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ വാദം 17ന്

Published : Mar 09, 2022, 12:53 PM IST
വധഗൂഢാലോചന കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ വാദം 17ന്

Synopsis

ദിലീപ് ഫോൺ വിശദാംശങ്ങൾ ഉൾപ്പടെയുളള തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിശദീകരണം നൽകിയിട്ടുണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച വിശദീകരണത്തിന് മറുപടി നല്‍കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. 

ദിലീപ് ഫോൺ വിശദാംശങ്ങൾ ഉൾപ്പടെയുളള തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിശദീകരണം നൽകിയിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഹർജിയിൽ ദിലീപ്  ആവശ്യപ്പെടുന്നു.

വധ ഗൂഡാലോചന കേസിൽ നിർണ്ണായക തെളിവുകൾ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേ സമയം ദിലീപിൻറ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയ വിൻസെൻറ് ചൊവ്വല്ലൂർ അഴിമതി കേസിൽ നേരത്തെ പ്രതിയാണ്. സഹായം നൽകിയതായി വിൻസെൻറ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നതിൻറെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ മുംബെയിലെ ലാബിൽ വെച്ച് നശിപ്പിച്ചെന്ന ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിക്ക് കൈമാറിയിരുന്നു.

പ്രതികളും അഭിഭാഷകരും ചേർന്ന് തെളിവുകൾ നശിപ്പിച്ചതിൻറെ കൂടുതൽ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഓരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഈ ഹാർഡ് ഡിസ്കിന്റെ മിറർ കോപി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു.

കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് ചൊവ്വല്ലൂർ, സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. 

തൻറെയും ദിലീപിൻറെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെൻറ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിൻറെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിൻറെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച