
മലപ്പുറം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. മലപ്പുറത്തെ ജനങ്ങളും പൊലീസും കൊള്ളരുതാത്തവർ ആണെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇതാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നതും. എന്നിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ആശാന്‍റെ നെഞ്ചത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണ് സർക്കാർ നിലപാട്. എഡിജിപിയെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാം. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. പഴകിപ്പുളിച്ച ആരോപണങ്ങൾ ഉയർത്തി വിഷയത്തെ വഴി തിരിച്ചു വിടാനാണ് മുഖ്യമന്ത്രി ഇന്നലെ ശ്രമിച്ചത്. തന്‍റെ നിർദേശ പ്രകാരമാണ് എഡിജിപി ആർ എസ്എസ് നേതാക്കളെ കണ്ടത് എന്നതിനാലാണ് ആ വിഷയം പരാമർശിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു
ആർഎസ്എസ് കൂടിക്കാഴ്ച്ചയുടെ ഫലമാണ് തൃശൂർ ലോക്സഭ റിസൾട്ടും മാസപ്പടി വിവാദം പിന്നോട്ട് പോയതും. സിപിഐ നേരത്തെയും മികച്ച നിലപാട് സ്വീകരിച്ച പാർട്ടിയാണ്. യുഡിഎഫിലേക്ക് വരണോ എന്നതൊക്കെ സിപിഐ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam