
മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. കൂടുതൽ തീരുമാനങ്ങൾ 30 തിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും എന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഏക സിവിൽ കോഡ്; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ
ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ ബോര്‍ഡിന്‍റെ അടിയന്തര യോഗം തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. വരുന്ന 14വരെയാണ് നിയമ കമ്മീഓഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.
അതേസമയം, ഏക സിവില്‍ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ദൃശ്യമായി. സിപിഎം, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികള്‍ സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുമ്പോള്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ സിവില്‍ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. എതിര്‍ത്താല്‍ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കും. അതുകൊണ്ട് കരുതലോടെയാണ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയെന്നത് കൂടിയാണ് പ്രധാനമന്ത്രി ഉന്നമിടുന്നത്. സിവില്‍ കോഡിനായി രാജ്യവ്യാപകമായി പ്രചാരണത്തന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam