
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങൾ വെച്ചുമാറാൻ ലീഗിലും കോൺഗ്രസിലും ധാരണ. ചേലക്കര ലീഗിന് വിട്ടുനൽകി കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്നാണ് സൂചന. എന്നാൽ മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥികളെ ഇറക്കുമെന്ന ആശങ്കയിലാണ് പാർട്ടികൾ.
സീറ്റ് വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് തൃശൂരിലെ കുന്നംകുളത്താണ് ഇരുപാർട്ടികളിലേയും നേതാക്കൾ തമ്മിൽ ചർച്ച നടന്നത്. വിഡി സതീശൻ്റെ പുതുയുഗ യാത്ര കുന്നംകുളത്ത് എത്തിയപ്പോൾ ഇന്നലെ കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് രണ്ടു സീറ്റുകൾ വെച്ചുമാറാൻ ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ യുസി രാമനാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ വികെ ശ്രീകണ്ഠൻ്റെ ഭാര്യ കെഎ തുളസിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നേരത്തെ, ഒറ്റപ്പാലത്ത് നിന്നും ചേലക്കരയിൽ നിന്നും കെഎ തുളസി മത്സരിച്ചിരുന്നു. ചേലക്കരയിൽ കെ രാധാകൃഷ്ണനോട് തുളസി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇടവേളയ്ക്ക് ശേഷം തുളസി വീണ്ടും മത്സരരംഗത്തേക്കെത്തുകയാണ്.
അതേസമയം, ചേലക്കരയിൽ ലീഗ് സീറ്റിൽ ആര് മത്സരിക്കുമെന്ന ആശയക്കുഴപ്പം ലീഗിനുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് ലീഗ് തിരയുന്നത്. നേരത്തെ, ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാൻ ചർച്ച നടന്നെങ്കിലും സംവരണ മണ്ഡലമായതിനാൽ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ എൽഡിഎഫിന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അട്ടിമറിയുണ്ടാക്കാൻ ലീഗിന് കഴിയുമോ എന്നതാണ് ആകാംക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam