Latest Videos

മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം ഇങ്ങനെ

By Web TeamFirst Published Jul 3, 2020, 8:12 PM IST
Highlights

കേരളാ കോൺഗ്രസ് പിളര്‍പ്പും യുഡിഎഫിൽ നിന്ന് പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്‍റെ തുടര്‍ നീക്കങ്ങളും മുസ്ലീം ലീഗിന്‍റെ നിലപാടും യുഡിഎഫിനെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വെ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പുമൊക്കെ അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിലെ പടലപ്പിണക്കവും കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്നും പുറത്താക്കിയതടക്കമുള്ള നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും യുഡിഎഫ് മുന്നണി വിടുമെന്ന് വലിയ ചര്‍ച്ചകളുണ്ട്. 

കൊവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തകര്‍ക്കാനാവുമോ എന്ന ചോദ്യം പ്രതിപക്ഷ കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും യുഡിഎഫിനെ പിന്തുണയ്ക്കുമോ അതോ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുണ്ടാകുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നുണ്ട്.

കേരളാ കോൺഗ്രസ് പിളര്‍പ്പും യുഡിഎഫിൽ നിന്ന് പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്‍റെ തുടര്‍ നീക്കങ്ങളും മുസ്ലീം ലീഗിന്‍റെ നിലപാടും യുഡിഎഫിനെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വെ.  മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ?  ഏഷ്യാനെറ്റ് സര്‍വെയില്‍ 49 ശതമാനം പേരും മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ  തുടരുമെന്നാണ് പറയുന്നത്.

അതേസമയം 16 ശതമാനം പേര്‍ ലീഗും കേരളാ കോണ്‍ഗ്രസും യുഡിഎഫില്‍ തുടരില്ലെന്ന് വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍  മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ എന്ന് പറയാനാവില്ലെന്ന് 35 ശതമാനം പേര്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.
 

click me!