
ദില്ലി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ദില്ലിയിൽ ദേശീയ ആസ്ഥാന മന്ദിരമായി. ഖാഇദെ മില്ലത്ത് സെന്റർ എന്നാണ് ആസ്ഥാന മന്ദിരത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങിലൂടെ പണം സമാഹരിച്ചാണ് ദിലിയിൽ പാർട്ടി കെട്ടിടം വാങ്ങിയത്. ഇതിന്റെ ഡിജിറ്റൽ ലോഞ്ച് മാർച്ച് 10 ന് നടക്കുമെന്ന് പാർട്ടി നേതാക്കൾ ദില്ലിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താനാണ് നിലവിൽ ഉദ്ദേശിക്കുന്നതെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.
സംസ്ഥാനത്ത് മുസ്ലിം ലീഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നത് ഗൗരവമേറിയ ആവശ്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ എവിടെ വേണമെങ്കിലും മുസ്ലിം ലീഗിന് മത്സരിക്കാനാകും. ഏതെങ്കിലും പ്രത്യേക സീറ്റിൻ്റെ പേരിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും വയനാട് സീറ്റാണോ മുന്നണിയിൽ ആവശ്യപ്പെട്ടതെന്ന ചോദ്യത്തോട് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തമിഴ്നാട്ടിൽ ലോക്സഭാ സീറ്റ് കൂടാതെ രാജ്യസഭാ സീറ്റ് കൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.