
മലപ്പുറം: സംസ്ഥാന കമ്മറ്റി പുനഃസംഘടനക്കായുള്ള മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ നാളെ ചേരാനിരിക്കേ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിനൊപ്പം എം കെ മുനീറിനും വേണ്ടി ചരടുവലികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 14 ജില്ലാ നേതൃത്വങ്ങളില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അഭിപ്രായം ആരാഞ്ഞു. കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെയെന്നാണ് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എംകെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെയാണ് പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചത്. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞു. കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്വഴക്കമല്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.
ജില്ലാ നേതാക്കളെ വിളിപ്പിച്ചത് സ്വാഭാവിക നടപടിക്രമമാണെന്നാണ് നേതൃത്വത്തിന്റെ മറുപടി. സംസ്ഥാനകമ്മറ്റി പുനസംഘടനക്കായി നാളെ കോഴിക്കോടാണ് ലീഗ് സംസ്ഥാന കൗൺസിൽ യോഗം. യോഗം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം തൃശ്ശൂര്‍ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗങ്ങള്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. എറണാകുളം ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന ശേഷമേ സംസ്ഥാനകൗണ്‍സില്‍ ചേരാവൂ എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ എറണാകുളം ജില്ലാ കൗൺസിൽ യോഗം ചേർന്നെന്നും അതിൻറെ രേഖയുണ്ടെന്നുമാണ് ലീഗ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്. നാളെത്തന്നെ പുതിയ സംസ്ഥാന കൗണ്‍സില്‍ നടക്കുമെന്നും നേതൃത്വം അറിയിച്ചു.