
തിരുവനന്തപുരം: മത്സരിച്ച എട്ടിൽ ഏഴ് സീറ്റും വിജയിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ചു. കേരള കോൺഗ്രസ് ആവശ്യത്തിന് ലീഗിന്‍റെ പിന്തുണയുമുണ്ട്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും സംസാരിച്ച് ഇതിൽ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
വട്ടിയൂര്‍ക്കാവിൽ മികച്ച വിജയമാണ് കെ മുരളീധരൻ നേടിയത്. പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാകും കെ മുരളീധരന് ലഭിക്കുക. ബിന്ദു കൃഷ്ണ വനിത പ്രതിനിധിയായി മന്ത്രിസഭയിലെത്തും. വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കിൽ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക. എന്നാൽ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണ പരിപാടികളോടെ വമ്പൻ വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam