
മലപ്പുറം: കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത യുവതി തന്‍റെ ബന്ധുവാണെന്നുള്ള പ്രചരണത്തിനെതിരെ നിയുക്ത എംഎൽഎ പി കെ ഫിറോസ്. വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കൾക്ക് ഒരു മാറ്റവുമില്ല. ഏതോ ബസിന്‍റെ ചില്ല് പൊട്ടിച്ചത് തന്‍റെ ബന്ധുവാണെന്നാണ് പുതിയ പ്രചരണം. ഇത്രയും വലിയ തോൽവി തെരഞ്ഞെടുപ്പിൽ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തത്.
ഓ മറന്നു, അത് കൊണ്ടാണല്ലോ ഇവരെ സഖാക്കൾ എന്ന് വിളിക്കുന്നതെന്ന് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. കൊടുവള്ളി സഖാക്കൾ എന്ന പേജിന്‍റെ സ്ക്രീൻ ഷോട്ടും പി കെ ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് യുവതി തകര്‍ത്ത സംഭവം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം. ഒടുവിൽ ചില്ലിന്‍റെ പണം നൽകി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയിൽ പോകാൻ തോന്നിയപ്പോഴാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും സൈബർ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി പിന്നീട് പറഞ്ഞിരുന്നു.
കട്ടപ്പന മാനന്തവാടി സർവീസ് നടത്തുന്ന കെഎസ്ആർടിസി എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിലാണ് സംഭവം. ബസ് കോഴിക്കോട് മാങ്കാവ് എത്തിയപ്പോൾ യുവതി ഇറങ്ങണം എന്നാവശ്യപ്പെടുകയായിരുന്നു. ഇവിടെ സ്റ്റോപ്പ് ഇല്ലെന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും യുവതി കൂട്ടാക്കിയില്ല. പകലായതിനാൽ സ്റ്റോപ്പിലല്ലാതെ നിർത്താനാകില്ലെന്നും കണ്ടക്ടർ അറിയിച്ചു. ഡ്രൈവർ കാബിനടുത്തെത്തിയ യുവതി വീണ്ടും ബസ് നിർത്തണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു. പിറകെ ബസിനകത്തുള്ള എമർജൻസി ഹാമർ ഉപയോഗിച്ച് ചില്ല് അടിച്ചു തകർത്തു.
ഇതോടെ കണ്ടക്ടർ ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. ഇതിനിടെ മാനന്തവാടിയിലേക്കുള്ള തുടർ സർവീസും മുടങ്ങി. തകർന്ന ചില്ലിന്റെയും മുടങ്ങിയ ട്രിപ്പിന്റെയും നഷ്ടപരിഹാരം യുവതി നൽകിയതോടെ പരാതി തീർപ്പാക്കി. 28,000 രൂപയാണ് യുവതിയിൽ നിന്നും കെഎസ്ആർടിസി ഈടാക്കിയത്. കട്ടപ്പന ഡിപ്പോയിലെ ബസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam