
തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.
'മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വർഗീയപാർട്ടിയാണെന്നൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോൾ ഞങ്ങൾ ശക്തിയായി ലീഗിനെയും വിമർശിച്ചിട്ടുണ്ട്,' - എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുസ്ലിം ലീഗിനോട് മൃദുസമീപനമാണ് കുറേ നാളായി സിപിഎം തുടരുന്നത്. ചാൻസലർ വിഷയത്തിലടക്കം നിയമസഭയിൽ നടന്ന ചർച്ചയിൽ ലീഗെടുത്ത നിലപാടിലേക്ക് കോൺഗ്രസിന് വരേണ്ടി വന്ന സാഹചര്യം മുൻനിർത്തി സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ഈ ഘട്ടത്തിലാണ് മുസ്ലിം ലീഗിനെ കുറിച്ച് ചോദ്യം ഉയർന്നത്. നേരത്തെ ഇഎംഎസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിർത്ത സാഹചര്യം ഉണ്ടായിരുന്നു. ലീഗുമായി ചേർന്ന് സംസ്ഥാനം ഭരിച്ച സാഹചര്യവുമുണ്ടായിരുന്നു. കോൺഗ്രസും ലീഗും തമ്മിൽ സമീപകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടി ലീഗിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam