'സുധാകരേട്ടൻ 48 കാറുകളുടെ അകമ്പടിയിൽ ജനസേവനം നടത്തി വളർന്ന വ്യക്തിയല്ല, കേസെടുത്ത് പേടിപ്പിക്കേണ്ട'

Published : Jun 14, 2023, 01:44 AM IST
'സുധാകരേട്ടൻ 48 കാറുകളുടെ അകമ്പടിയിൽ ജനസേവനം നടത്തി വളർന്ന വ്യക്തിയല്ല, കേസെടുത്ത് പേടിപ്പിക്കേണ്ട'

Synopsis

'രാജ്യത്ത് ഫാഷിസം അതിൻ്റെ വാളിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോൾ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് പിണറായിയും കൂട്ടരും. വിമർശിക്കുന്ന പ്രതിപക്ഷത്തെയും  പത്രക്കാരെയും മാത്രമല്ല, സോഷ്യൽ മീഡിയയിൽ കുത്തിക്കുറിക്കുന്ന പാവങ്ങളെ പോലും അധികാരത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്'.

കോഴിക്കോട് : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാജ്യത്ത് ഫാഷിസം അതിൻ്റെ വാളിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോൾ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് കേരളമുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം ഷാജി വിമർശിച്ചു. സുധാകരൻ 48 കാറുകളുടെ അകമ്പടിയിൽ ജനസേവനം നടത്തി വളർന്ന വ്യക്തിയല്ല.ഒരൊറ്റ കാറിൽ മനുഷ്യർക്കിടയിൽ ജിവിച്ച നേതാവാണ്, പേടിപ്പിക്കേണ്ടെന്നും ഷാജി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലീഗ് നേതാവ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വിമർശിക്കുന്ന പ്രതിപക്ഷത്തെയും  പത്രക്കാരെയും മാത്രമല്ല, സോഷ്യൽ മീഡിയയിൽ കുത്തിക്കുറിക്കുന്ന പാവങ്ങളെ പോലും അധികാരത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇന്ന് പ്രതിപക്ഷ നേതാക്കളാണ് ഇരകളാവുന്നതെങ്കിൽ അടുത്ത ഘട്ടം പൊതുജനങ്ങളിലേക്കാണ് അവർ കയറി വരാൻ പോകുന്നത്. അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കിൽ അടുത്ത ഇര നിങ്ങളാവാം- ഷാജി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

കെ സുധാകരേട്ടനെതിരെയും കേസെടുത്തിരിക്കുന്നു! പിണറായി സർക്കാരിനോട് ദേഷ്യവും വിരോധവും  തോന്നേണ്ടതാണ്. പക്ഷേ, സത്യത്തിൽ സഹതാപമാണ് തോന്നുന്നത്. നമ്മൾ   ജീവിക്കുന്ന രാജ്യത്തെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും, നമ്മൾ ചെയ്യുന്ന പ്രവർത്തികളെക്കുറിച്ചും ഉണ്ടായിരിക്കേണ്ട മിനിമം  ബുദ്ധിയെയാണ്  സാമാന്യബോധം സാമാന്യബുദ്ധി എന്നൊക്കെ പറയാറുള്ളത്. അതുപോലുമില്ലാത്ത വിഡ്ഢികളാണ് ഇവരെല്ലാം എന്ന കാര്യത്തിലാണ് സഹതാപം. രാജ്യത്ത് ഫാഷിസം അതിൻ്റെ വാളിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോൾ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് പിണറായിയും കൂട്ടരും .

വിമർശിക്കുന്ന പ്രതിപക്ഷത്തെയും  പത്രക്കാരെയും മാത്രമല്ല, സോഷ്യൽ മീഡിയയിൽ കുത്തിക്കുറിക്കുന്ന പാവങ്ങളെ പോലും അധികാരത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഈ  ഏകാധിപത്യത്തോട് അഭിപ്രായ വ്യത്യാസമുള്ള സഖാക്കൾ അതു പ്രകടിപ്പിക്കാനാവാതെ പഞ്ചായത്ത് ഓഫീസിലും പാർട്ടി ഓഫീസിലും തൂങ്ങിയാടുന്ന കാലമാണിത്. അതവരുടെ ദുർവിധി. നിശബ്ദരാവാൻ വിധിക്കപ്പെട്ട പ്രവർത്തകരുടെ നിസ്സഹായതയാണത്.

എന്നാൽ വെടിയുണ്ടകളുടെയും കത്തിമുനയുടെയും മുന്നിൽ പതറാത്ത മനുഷ്യരുടെ പരമ്പര വംശമറ്റ് പോയിട്ടില്ലെന്ന് ഓർക്കുന്നത് നന്നാവും. അധികാര ഭ്രാന്ത്പിടിച്ചവരുടെ തിട്ടൂരം നടപ്പിലാക്കാനിറങ്ങുന്ന   ഉദ്യോഗസ്ഥരോട് ഒന്നേ പറയാനുള്ളൂ. അത്രക്ക് ആവേശം വേണ്ട. ഏധിപതികൾ പടിയിറങ്ങിയ നാടുകളിൽ ഇത്തരക്കാർക്ക്  പിന്നീടുണ്ടായ ചരിത്രത്തിൽ നിങ്ങൾക്ക് പാഠമുണ്ട്. ഏകാധിപതിയുടെ നാട്ടിലെ നിശബ്ദത കുറ്റകൃത്യമാണ്.കാരണം, ഇന്ന് പ്രതിപക്ഷ നേതാക്കളാണ് ഇരകളാവുന്നതെങ്കിൽ അടുത്ത ഘട്ടം പൊതുജനങ്ങളിലേക്കാണ് അവർ കയറി വരാൻ പോകുന്നത്. 

അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കിൽ അടുത്ത ഇര നിങ്ങളാവാം. ഭരണകൂടത്താൽ വേട്ടയാടപ്പെടുന്നവർക്കൊപ്പം നിൽക്കുക എന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. സുധാകരേട്ടൻ നിരപരാധിയാണെന്നും ഇതൊരു രാഷ്ട്രീയ ഗൂഢാലോചന കേസ് ആണെന്നും പകൽ പോലെ വ്യക്തമാണ്. സുധാകരേട്ടൻ 48 കാറുകളുടെ അകമ്പടിയിൽ ജനസേവനം നടത്തി വളർന്ന വ്യക്തിയല്ല. ഒരൊറ്റ കാറിൽ മനുഷ്യർക്കിടയിൽ ജിവിച്ച നേതാവാണ്, പേടിപ്പിക്കണ്ട.

Read More : പ്രതികളെല്ലാം നടുറോഡില്‍, കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് കേരള പൊലീസ് ലോക്കപ്പിൽ; വിമർശവുമായി വിഡി സതീശൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ