പ്രതികളെല്ലാം നടുറോഡില്‍, കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് കേരള പൊലീസ് ലോക്കപ്പിൽ; വിമർശവുമായി വിഡി സതീശൻ

Published : Jun 14, 2023, 12:49 AM IST
പ്രതികളെല്ലാം നടുറോഡില്‍, കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് കേരള പൊലീസ് ലോക്കപ്പിൽ; വിമർശവുമായി വിഡി സതീശൻ

Synopsis

'ലോകത്തുള്ള എല്ലാത്തിനെയും പേടിച്ചോടുന്ന പിണറായി വിജയന് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പൊലീസ് തരംതാണിരിക്കുന്നു'- സതീശൻ പരിഹസിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പൊലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസ്. മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സിപിഎം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചുവെന്ന്  പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാല്‍ ഇന്ന് പോലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാല്‍, സിപിഎമ്മുകാര്‍ക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. വഴിവക്കില്‍ നില്‍ക്കുന്നവന്റെ മുഖത്തടിക്കുന്നത് മുതല്‍ ജനപ്രതിനിധികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതു വരെ നീളുന്നു പൊലീസിന്റെ പരാക്രമങ്ങള്‍. നിയമപാലകന്‍ ക്രിമിനലും ക്രിമിനലുകളുടെ സുഹൃത്തും സംരക്ഷകനും ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? പൊലീസ്-ഗുണ്ടാ ബന്ധം എന്ന പ്രയോഗം മലയാളിക്കിപ്പോള്‍ അരി - പയര്‍ എന്നൊക്കെ പറയും പോലെ സുപരിചിതമായിരിക്കുന്നു- സതീശൻ ആരോപിച്ചു.

പ്രതിപക്ഷ സമരങ്ങളോട് പൊലീസ് കാണിക്കുന്ന അസഹിഷ്ണുത പറയാതിരിക്കാനാകില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തല അടിച്ചു പൊളിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്? ഏത് നിയമത്തിലാണ് ഇങ്ങനയൊരു പ്രതിരോധ രീതിയെ കുറിച്ച് പറയുന്നത്?  രാഷ്ട്രീയ ഇടപെടലിന്റെ അതിപ്രസരം ഉണ്ടാകുമ്പോഴാണ് സി.ഐമാരെ സിപിഎം ഏരിയാ സെക്രട്ടറിമാരും എസ്.പിമാരെ ജില്ലാ സെക്രട്ടറിമാരും നിയന്ത്രിക്കുന്നത്. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഭരണ പാര്‍ട്ടിയുടെ ഓഫീസുകളാകുന്നത്. ഇതേ പൊലീസിനെ വച്ചാണ് ഞങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. ഈ ഉമ്മാക്കികള്‍ കൊണ്ട് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ ഭയപ്പെടുത്താനാകില്ല.

ലോകത്തുള്ള എല്ലാത്തിനെയും പേടിച്ചോടുന്ന പിണറായി വിജയന് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പൊലീസ് തരംതാണിരിക്കുന്നു. വഴിയോരത്ത് മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളെ കയറിപ്പിടിച്ച പുരുഷ പോലീസിനെയും ചരിത്രത്തില്‍ ആദ്യമായി കേരളം കണ്ടു. ആള്‍മാറാട്ടക്കാരനും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാതാക്കളും പരീക്ഷ എഴുതാതെ ജയിച്ച കുട്ടിസഖാക്കളും പൊലീസിന്റെ കണ്‍മുന്നില്‍ ജേതാക്കളെ പോലെ നടക്കുമ്പോഴാണ് സര്‍ക്കാരിന് ഹിതകരമാല്ലാത്ത വാര്‍ത്ത ചെയ്തു എന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി പുരപ്പുറത്ത് കയറി കൂകുന്നവര്‍ തികഞ്ഞ ഫാസിസ്റ്റുകളായി അധഃപതിച്ചു.

'ഞങ്ങളെ സംരക്ഷിക്കാനാണ് പൊലീസ്, പക്ഷെ നിങ്ങളില്‍ നിന്ന് ഞങ്ങളെ ആര് രക്ഷിക്കും?' എന്നൊരു ചോദ്യമുണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമം നടപ്പാക്കുമ്പോള്‍ അതേ നിയമങ്ങള്‍ പാലിക്കാന്‍ പൊലീസും ധ്യസ്ഥരാണെന്നോര്‍ക്കുക. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്നുമോര്‍ക്കുക. ഏഴ് വർഷങ്ങൾ കൊണ്ട് കേരള പൊലീസിനെ പിണറായി വിജയന്റെ അടിമകൂട്ടമാക്കി മാറ്റിയതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നു സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ കൊന്ന 7 വർഷങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ്.

Read More : അധികാരത്തിന്‍റെ ഹുങ്ക്, പ്രതിപക്ഷത്തിനും മാധ്യമപ്രവർത്തകയ്ക്കുമെതിരെ കള്ളക്കേസ്; സർക്കാരിനെതിരെ ബിന്ദുകൃഷ്ണ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതിയും; 'മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ