
മലപ്പുറം : സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. മാനദണ്ഡം ലംഘിച്ചാണ് വിസിമാരുടെ നിയമനം നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു. ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. യൂണിവേഴ്സിറ്റികളിലെ വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണ് നടന്നത്. സെർച്ച് കമ്മറ്റിയിൽ മൂന്ന് അംഗങ്ങളുണ്ടാകണം. അക്കാദവി വിദഗ്ധരാണെന്ന് വേണ്ടതെന്നതടക്കമുള്ള ചട്ടങ്ങൾ ലംഘിക്കപ്പെട്ടുമെന്നും പിഎംഎ സലാം പറഞ്ഞു.
ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ പ്രതികരിച്ചു. ഗവർണരുടെത് കൈ വിട്ട കളിയാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസിന്റെ നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
അതേ സമയം, ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാൽ അതിനെ ചെറുക്കാൻ തന്നെയാണ് തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗര്‍ണര്ക്ക് പ്രത്യേക നിയമമൊന്നുമില്ല. രണ്ട് കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകു എന്ന് പ്രധാനമായും തിരിച്ചറിയേണ്ടത് ഗവര്‍ണറും രാജ് ഭവനുമാണ്. ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ മാറ്റുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൾ: എസ്എഫ്ഐ
രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപത് സർവകലാശാലാ വിസിമാരും ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജിവെക്കേണ്ടതില്ലെന്ന് സർക്കാരും വിസിമാരോട്
നിർദേശിച്ച സാഹചര്യത്തിൽ രാജി ആവശ്യത്തിന് എതിരെ നിയമപരമായ വഴി തേടുകയാണെന്ന് ആറ് വിസിമാർ ഗവർണറെ രേഖാമൂലം അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാൽ അടിയന്തിരമായി
പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻരാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹർജി പരിഗണിക്കുക.
പ്രതിപക്ഷ നേതാവ് ഗവർണറെ പിന്തുണച്ചതിൽ അത്ഭുതം; യുഡിഎഫ് കാലത്തെ നിയമനങ്ങൾ ഓർമ്മിപ്പിച്ച് പി രാജീവ്