
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ പൊടിപൊടിക്കുന്നതിനിടെ തെക്കന്‍ കേരളത്തില്‍ പതിവില്ലാത്ത വിധം മുസ്ലിം ലീഗ് നേതാക്കളെ തിരഞ്ഞെടുപ്പ് വേദികളില്‍ കോണ്‍ഗ്രസ് അണിനിരത്തുന്നു. പൗരത്വഭേദഗതി നിയമം സിപിഎം സജീവ ചര്‍ച്ചയാക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിന്‍റെ സാന്നിധ്യത്തിലൂടെ ന്യൂനപക്ഷ വോട്ടുകളെ ചേര്‍ത്തു പിടിക്കാനാണ് കോൺഗ്രസ് നീക്കം
മലബാറില്‍ പതിവാണ് പച്ചക്കൊടിയെങ്കിലും തെക്കൻ കേരളത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിൽ ലീഗ് പതാകകൾ ഉയരുന്നത് പതിവില്ലാത്തതാണ്. ഈ രീതിക്കാണ് ഇക്കുറി മാറ്റമാകുന്നത്. ഇത്തവണ കേരളമാകെ മുസ്ലിം ലീഗിനെ കൂടുതൽ ചേര്‍ത്തു പിടിച്ചാണ് കോണ്‍ഗ്രസിന്‍റെ വോട്ടുപിടുത്തം. ഉദ്ഘാടകരായും മുഖ്യാതിഥികളായും ഒന്നാംനിര ലീഗ് നേതാക്കളെ ഇങ്ങനെ കൺവെൻഷനുകളിൽ അണിനിരത്തുകയാണ് യുഡിഎഫ്. ആലപ്പുഴയിലും കൊല്ലത്തും പാണക്കാട് സാദിഖലി തങ്ങള്‍, എറണാകുളത്ത് പികെ കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരത്ത് പാണക്കാട് മുനവറലി തങ്ങള്‍, ഇടുക്കിയിലും കോട്ടയത്തും മാവേലിക്കരയിലും അബ്ദുറഹ്മാന്‍ രണ്ടത്താണി, പത്തനംതിട്ടയില്‍ പാണക്കാട് റഷീദലി തങ്ങള്‍ എന്നിവരെയാണ് അണിനിരത്തിയത്.
മുന്നണിയിലെ രണ്ടാം കക്ഷിനേതാക്കൾ യുഡിഎഫ് കൺവെൻഷനിൽ വരുന്നതിൽ പുതുമയില്ലെങ്കിലും ലീഗ് നേതാക്കളെ മുൻനിരയിൽ അണിനിർത്താനുള്ള കോൺഗ്രസ് നീക്കത്തിന് ഇത്തവണ മാനങ്ങൾ ഏറെയാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ പ്രചാരണം. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചാണ് ഇടത് നേതാക്കളുടെ പ്രചാരണം. മുസ്ലിം ലീഗിനെ അടക്കം പരസ്യമായി ക്ഷണിച്ച്, ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് 2019 ലെ തിരിച്ചടി മറികടക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. സിപിഎമ്മിൻറെ സിഎഎ കെണിയിൽ ന്യൂനപക്ഷങ്ങൾ വീഴാതിരിക്കാനാണ് കോൺഗ്രസിൻറെ ലീഗിനെ കൂട്ടം ചേർത്തുനിർത്തൽ. ന്യൂനപക്ഷ വോട്ടും പിന്നെ രാഹുലും ചേരുമ്പോൾ ട്വൻറി ട്വൻറി ലക്ഷ്യം ഉറപ്പെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam