ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

Published : Jul 30, 2022, 09:32 PM ISTUpdated : Jul 30, 2022, 09:35 PM IST
ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

Synopsis

വെമ്പായം നസീറിൻ്റെ ആരോപണങ്ങൾ മുസ്ലീം ലീഗും കോൺഗ്രസും തള്ളി. നസീര്‍ ലീഗ് ഭാരവാഹി മാത്രമാണെന്നും ലീഗ് പതാകയെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അപമാനിച്ചിട്ടില്ലെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി.

തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിംലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടണമെന്ന് കോൺഗ്രസ് നേതാവ് ആക്രോശിച്ചെന്ന് പരാതി പറഞ്ഞ വെമ്പായം നസീർ പാര്‍ട്ടി അംഗമല്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു.  മുസ്ലീം ലീഗ് പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്‍റെ വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയുമാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായതെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.

തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദം. പരിപാടിയിൽ പങ്കെടുക്കാൻ ലീഗ് ജില്ലാ കമ്മിറ്റി അംഗം, യൂണിയൻ ജില്ലാ ജനറൽസെക്രട്ടറി,  സിഎച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയർമാൻ എന്നീ പദവികളുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് വെമ്പായം നസീർ എത്തിയത്. തുടര്‍ന്ന് ഇയാൾ വേദിയ്ക്ക് സമീപം ലീഗ് കൊടി സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. മുസ്ലീം ലീഗ് പതാക സ്ഥാപിക്കാൻ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ്ടൂര്‍കോണം സനൽ സമ്മതിച്ചില്ലെന്നും ലീഗിൻ്റെ പതാക പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടണമെന്ന് സനൽ ആക്രോശിച്ചെന്നുമാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്. വിഷയത്തിൽ കെപിസിസി പ്രസഡിന്‍റിനും ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പിഎംഎ സലാമിനും നസീർ പരാതി നൽകി. 

എന്നാൽ വെമ്പായം നസീറിൻ്റെ ആരോപണങ്ങൾ മുസ്ലീം ലീഗും കോൺഗ്രസും തള്ളി. നസീര്‍ ലീഗ് ഭാരവാഹി മാത്രമാണെന്നും ലീഗ് പതാകയെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അപമാനിച്ചിട്ടില്ലെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി. മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി ബീമാപള്ളി റഷീദ് തന്നെ ലീഗ് പതാകയെ അപമാനിച്ചെന്ന വാര്‍ത്ത തള്ളി രംഗത്ത് എത്തി. 

വെമ്പായം നസീർ ആരാണെന്ന് പോലും അറിയില്ലെന്നും വേദിയിലെ ഫ്ലക്സിൽ യുഡിഎഫ് പരിപാടിയെന്ന് ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാവ് ആണ്ടൂര്‍കോണം സനലും വിശദീകരിച്ചു. 

വിവാദം കത്തിനിൽക്കെ യുഡിഎഫിനകത്ത് മുസ്ലിം ലീഗിന് ഇടമില്ല എന്ന് തരത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. മുസ്ലീം ലീഗ് കൊടി കണ്ട് ഹാലിളികിയ കോൺഗ്രസ് നേതാവ് ഒരു വ്യക്തിയല്ല പ്രതീകമാണെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. മുസ്ലിംങ്ങളോടുള്ള എതിർപ്പ് കോൺഗ്രസ് നേതൃത്വത്തൽ ഒരു വിഭാഗത്തിന്‍റെ പൊതുബോധ്യമായി മാറിയെന്നും റിയാസ് വിമർശിച്ചു. 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി