Asianet News MalayalamAsianet News Malayalam

സമൂഹമാധ്യമത്തിലെ സ്പര്‍ധയുളവാകുന്ന പോസ്റ്റ്: തലശ്ശേരി സ്വദേശിയെ ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എറണാകുളത്ത് നിന്നും നേരിട്ട് എത്തിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്

ATS
Author
Thalassery, First Published Jul 30, 2022, 8:49 PM IST

കണ്ണൂര്‍: തീവ്രവാദ സ്വഭാവമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. പോസ്റ്റിട്ട തലശ്ശേരി കോമത്ത് പാറ സ്വദേശിക്ക് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ടി.എസ് അംഗങ്ങൾ എറണാകുളത്ത് നിന്നും നേരിട്ട് എത്തിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അതേസമയം കര്‍ണാടകയിലെ സുള്ള്യയിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകവുമായി ഈ അന്വേഷണത്തിന് ബന്ധമില്ലെന്ന് എ.ടി.എസ് വൃത്തങ്ങൾ അറിയിച്ചു. 

സൂറത്കലിലെ യുവാവിൻ്റെ കൊലപാതകത്തിൽ 21 പേര്‍ കസ്റ്റഡിയിൽ 

മംഗളൂരു: മംഗളൂരുവിനടുത്ത് സൂറത്കലിലെ ഫാസിലിൻ്റെ കൊലപാതകത്തിൽ 21 പേർ കസ്റ്റഡിയിൽ. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് പിടിയിലായത്. അതേസമയം യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിലെ അന്വേഷണ റിപ്പോർട്ട് പൊലീസ് ഉടൻ എൻഐഎക്ക് കൈമാറും. പോപ്പുലർഫ്രണ്ട് , എസ്ഡിപിഐ നിരോധന ആവശ്യം സംഘപരിവാർ സംഘടനകൾ ശക്തമാക്കി.

മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്. പ്രാദേശിക സംഘപരിവാർ യുവജന സംഘടനാ പ്രവർത്തകരായ 21 പേർ പിടിയിലായി.യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ  ആസൂത്രിത കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. അതേസമയം യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിൻറെ കൊലപാതകത്തിൽ എൻഐഎ ഉടൻ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ പ്രതികളുടെ കേരള ബന്ധം അടക്കം കര്‍ണാടക പൊലീസ് അന്വേഷിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 

അതേസമയം എസ്.ഡി.പി.ഐ, പി.എഫ്ഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. സംഘപരിവാർ യുവജനസംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. എസ്.ഡി.പി.ഐക്ക് എതിരെ കർണാടക കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ബിജെപി എംപിമാരും SDPI നിരോധനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. അതേസമയം തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണകന്നഡയിൽ നിരോധനാജ്ഞ തുടരുകയാണ്. കമ്മീഷ്ണറുടെ നേതൃത്വത്തിൽ മത രാഷ്ട്രീയ സംഘടനകളുടെ സമാധാന യോഗം മംഗ്ലൂരുവിൽ ചേർന്നു.

Follow Us:
Download App:
  • android
  • ios