Asianet News MalayalamAsianet News Malayalam

'ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചില്ലേ?'; വർഗീയ അതിപ്രസരമെന്ന് റിയാസ്

തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്രയിൽ നടന്ന യു ഡി എഫ് പരിപാടിക്കിടെയായിരുന്നു കോൺഗ്രസ് നേതാവിനെതിരെ ആക്ഷേപം ഉയർന്നത്. യു ഡി എഫ് പരിപാടിയായിട്ടും മുസ്ലിം ലീഗിന്‍റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന് പരാതി

pa muhammed riyas reaction on muslim league flag issue kazhakootam
Author
Thiruvananthapuram, First Published Jul 30, 2022, 7:27 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്തെ യു ഡി എഫ് പരിപാടിക്കിടെ മുസ്ലിം ലീഗിന്‍റെ കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടന്ന ആക്ഷേപത്തിൽ പ്രതികണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. മുസ്ലിം ലീഗിന്‍റെ കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചത് കോൺഗ്രസിലെ വർഗീയ അതിപ്രസരത്തിന്‍റെ ഉദാഹരണമാണെന്നാണ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. കോൺഗ്രസിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് പുറത്തു വന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്രയിൽ നടന്ന യു ഡി എഫ് പരിപാടിക്കിടെയായിരുന്നു കോൺഗ്രസ് നേതാവിനെതിരെ ആക്ഷേപം ഉയർന്നത്. യു ഡി എഫ് പരിപാടിയായിട്ടും മുസ്ലിം ലീഗിന്‍റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന് പരാതി. കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്‍റ് ഗോപാലകൃഷ്ണനാണ് ഇത്തരത്തിൽ ആവശ്യപ്പെട്ടെന്നാണ് പരാതി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് ആരോപണവുമായി രംഗത്തെത്തിയത്.

'കോൺഗ്രസിന്‍റെ കൂട്ട് രാഷ്ട്രീയ തകർച്ചക്ക് ഇടയാക്കും'; ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജൻ

അതേസമയം കഴിഞ്ഞ ദിവസം  മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്‍റെ രാഷ്ട്രീയ തകർച്ചക്ക് ഇടയാക്കുമെന്നാണ് ഇ പി ജയരാജൻ നൽകിയ മുന്നറിയിപ്പ്. മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ തകർച്ചയുടെ പാപ്പരത്തമാണ് ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ്. മാർക്കിസ്റ്റ് വിരോധം മനസ്സിൽ വച്ച് പ്രവർത്തിച്ചാൽ ലീഗിന് ഒന്നും നേടാനാകില്ല. മണ്‍മറഞ്ഞ ലീഗിന്‍റെ നേതാക്കൾ മത നിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവർ ആയിരുന്നുവെന്നും ആ വഴിയേക്കുറിച്ച് ചിന്തിക്കൂവെന്നുമാണ് ഇ പി ജയരാജൻ മലപ്പുറത്ത് കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ പറഞ്ഞത്.

ആദ്യമായല്ല എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എൽ ഡി എഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിനെ എൽ ഡി എഫിലേക്ക് ക്ഷണിച്ചതിന് ഇ പി ജയരാജന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം നേരിട്ടിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. യു ഡി എഫ് ദുർബലമാകുന്ന സാഹചര്യം ഉയർത്തിയക്കാട്ടിയാതാണെന്നായിരുന്നു ഇ പി ജയരാജന്‍റെ അന്നത്തെ മറുപടി. എന്നാൽ എൽ ഡി എഫ് കണ്‍വീനറെ അന്ന് പാർട്ടി തിരുത്തിയിരുന്നു. ഇപ്പോൾ അത് പറയേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ്  ഇ പി ജയരാജനോട് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞത്. ലീഗിനോടുള്ള നിലപാട് മാറുന്നു എന്ന വ്യാഖ്യാനമുണ്ടായി എന്നായിരുന്നു വിലയിരുത്തല്‍. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇ പി ജയരാജനോട് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios