
കോഴിക്കോട്: കോൺഗ്രസിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗവും ചേരുന്നു. തിങ്കളാഴ്ച കോഴിക്കോടാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ചേരുക. രാവിലെ പതിനൊന്ന് മണിക്ക് ലീഗ് ഹൗസിലാണ് സംസ്ഥാന ഭാരവാഹിയോഗം. സ്ഥാനാർത്ഥിനിർണയം, സീറ്റുകളുടെ വെച്ചുമാറൽ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കണമെന്ന വികാരം നേതൃത്വത്തിനുണ്ട്. കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദ്ദത്തിലാക്കാൻ ലീഗ് തയ്യാറാകില്ല. സീറ്റുകൾ വെച്ചു മാറുമ്പോൾ മധ്യ, തെക്കൻ കേരളത്തിലെ കൂടുതൽ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് ആഗ്രഹമുണ്ട്. ടേം വ്യവസ്ഥ, വനിത - യുവ പ്രാതിനിധ്യം തുടങ്ങിയവയും ചർച്ച ആകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മൂന്നു ടേം വ്യവസ്ഥയിൽ വിജയസാധ്യത പരിഗണിച്ച് ലീഗ് ഇളവ് നൽകിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാനുള്ള തന്ത്രപ്രധാനമായ ചർച്ചയിലാണ് കോണ്‍ഗ്രസ് പാർട്ടി. 2026 ൽ ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിൽ കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ ഒത്തുകൂടിയ 'ലക്ഷ്യ കാമ്പ്' ആദ്യ ദിവസം അവസാനിക്കുമ്പോൾ അധികാരം ഉറപ്പാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ആണ് ഈ വിലയിരുത്തൽ.
5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യു ഡി എഫിന് വിജയിക്കാൻ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ കാമ്പിൽ ഉയരുന്നത്. അമിത ആത്മവിശ്വാസം വരാതെ പ്രവർത്തനം വേണം എന്ന നിർദ്ദേശവും ക്യാമ്പിൽ ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam