Muslim league : വിട്ടുവീഴ്ചയ്ക്കില്ല; വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട നടപടി പിന്‍വലിക്കണം, പ്രക്ഷോഭത്തിന് ലീഗ്

By Web TeamFirst Published Dec 3, 2021, 12:50 PM IST
Highlights

ഈ മാസം ഒന്‍പതിന് വഖഫ് സംരക്ഷണ സമ്മേളനം കോഴിക്കോട് നടക്കും. ലീഗ് നേതൃത്വത്തിൽ സംസ്ഥാനതല സമ്മേളനവും ചേരും. 

കോഴിക്കോട്: വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം (Waqf psc) പിഎസ്‍സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് (muslim league). നിയമനം പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്നാണ് ലീഗിന്‍റെ ആവശ്യം. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലീഗ് വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം നടത്താനാണ് മുസ്ലീം ലീഗ് തീരുമാനം. ലീഗ് നേതൃത്വത്തിൽ സംസ്ഥാനതല സമ്മേളനവും ചേരും. ഇന്ന് മലപ്പുറത്ത് ചേർന്ന നേതൃയോഗത്തിലാണ് ലീഗ് സമരം പ്രഖാപിച്ചത്. സമുദായ സംഘടനകളുടെ പ്രതിഷേധങ്ങളും ചർച്ചയും ഒരു ഭാഗത്ത് നടക്കുന്നതിനിടയിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ലീഗ് നേതൃത്വത്തിൻ്റെ തീരുമാനം. 

വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ ഇന്ന് നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്‍റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്. കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ്  സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്.

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരായ പ്രതിഷേധത്തില് നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് മുസ്ലിം നേതൃസമിതിയിലെ മറ്റ് സംഘടനകള്‍ അറിയിച്ചു. പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍  വ്യക്തമാക്കി. പള്ളികളില്‍ ഇതിനായി നിര്‍ദേശം നല്‍കിയെന്ന കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അറിയിച്ചു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. 

click me!