Asianet News MalayalamAsianet News Malayalam

'പിന്മാറ്റം ഗത്യന്തരമില്ലാതെ', മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്ന് കെപിഎ മജീദ്

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നെന്നും മജീദ് പറഞ്ഞു

Muslim League leader k p a majeed reacts to government backtracking on decision to leave Waqf appointments to PSC
Author
Trivandrum, First Published Jul 20, 2022, 11:23 AM IST

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നെന്നും മജീദ് പറഞ്ഞു. മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്നും മജീദ് കുറ്റപ്പെടുത്തി.  മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പി കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയിരിക്കുന്നത്. 2016 ലാണ് വഖഫ് ബോർഡ് യോഗം നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനമെടുത്തത്. പിന്നാലെ സർക്കാർ  ആദ്യം ഓർഡിനൻസും പിന്നെ ബില്ലും കൊണ്ടുവന്നു. ലീഗിന്‍റെ നേതൃത്വത്തിൽ മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പക്ഷേ വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്കിടെ പള്ളികളിൽ പ്രതിഷേധിക്കണമെന്ന ലീഗ് ആഹ്വാനം സമസ്ത തള്ളിയതോടെ മുസ്ലീം സംഘടനകൾക്കിടയിൽ തന്നെ ഭിന്നതയായി. 

അവസരം മുതലെടുത്ത് മുഖ്യമന്ത്രി ചർച്ചകൾ നടത്തിയത് ലീഗിനെ ഒഴിവാക്കി സമസ്തയുമായി മാത്രമായിരുന്നു. തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത നേതാക്കൾ തിരുവനന്തപുരത്തെ ചർച്ചക്ക് ശേഷം പറഞ്ഞിരുന്നു. ആ ഉറപ്പ് പക്ഷേ സർക്കാർ പ്രതിനിധികളാരും ഇതുവരെ പരസ്യമാക്കിയിരുന്നില്ല. ഒടുവിൽ പിന്നോട്ട് പോകൽ  മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതും ക്രെഡിറ്റ് സമസ്തക്ക് നൽകി ലീഗിനെ വിമർശിച്ചാണ്. നിലവിൽ ബോർഡിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക  മാത്രമാണ് ലീഗ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന ഉറപ്പ് നൽകി ബിൽ പാസ്സാക്കിയെന്നും പിന്നീടാണ് ലീഗ് പ്രശനം ഉന്നയിച്ചതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്

Follow Us:
Download App:
  • android
  • ios