
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൻ്റെ പ്രതിപ്പട്ടികയിൽ നിന്നും പി ജയരാജനെ ഒഴിവാക്കാൻ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം തള്ളി മുസ്ലീംലീഗ്. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണ്. ആരോപണത്തിന് പിന്നിൽ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലീംലീഗിനേയും അതിൻ്റെ നേതാക്കളേയും താറടിക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ട കാര്യമാണെന്നും പിഎംഎ സലാം പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താഞ്ഞത് പി കുഞ്ഞാലിക്കുട്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന അഭിഭാഷകൻ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നാണ് നേരത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്. ഹരീന്ദ്രനെ വിളിച്ച് കാര്യങ്ങൾ തിരക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ പ്രതി ചേർത്ത് കേസെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഐപിസി 302 പി ജയരാജനെതിരെ ചേർക്കേണ്ടെന്ന് കണ്ണൂർ ഡിവൈഎസ്പിയെ കുഞ്ഞാലിക്കുട്ടി വിളിച്ചു പറഞ്ഞെന്നുമാണ് സിഎംപി നേതാവായ മുതിർന്ന അഭിഭാഷകൻ ടിപി ഹരീന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
പിഎംഎ സലാമിൻ്റെ വാക്കുകൾ -
സോളാർ ആരോപണം സർക്കാർ കെട്ടിചമച്ചതെന്ന് തെളിഞ്ഞു കഴിഞ്ഞു. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണ്. ആരോപണത്തിന് പിന്നിൽ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണ്. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ നിയമ നടപടികളുമായി മുന്നോട്ട് പോകും. ഗൂഡാലോചനക്ക് പിന്നിൽ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരും.
ഗൂഡാലോചന യു.ഡി.എഫിന് അകത്തോ പുറത്തോ എന്ന് അന്വേഷത്തിലൂടെ പുറത്തു വരേണ്ടതാണ്. ഈ വിഷയം യു.ഡി.എഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല. എന്ത് ഉദ്ദേശത്തിലാണ് കെ.പി.സി.സി അധ്യക്ഷൻ്റെ പ്രസ്താവന എന്നറിയില്ല. ആരോപണം ഗൗരവകരം എന്ന ലീഗിന്റെ അതേ നിലപാട് ആണ് സുധാകരനും. ഇക്കാര്യത്തിൽ എന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കിൽ യുഡിഎഫ് യോഗത്തിൽ പറയാം.
ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദം സ്വജനപക്ഷപാതം നടത്തിയതിൻ്റെ പ്രകടമായ ഉദാഹരണമാണ്. ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതിയാണ് ഇതിലൂടെ പുറത്ത് വരുന്നത്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam