
തിരുവനന്തപുരം: മുസ്ലീങ്ങള്‍ നല്ലവരും സ്നേഹമുള്ളവരുമാണെന്ന് മലയാളി വ്യവസായി രവി പിള്ള. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ഹിന്ദു, ഒരു മുസ്ലീം രാജ്യത്തേക്ക് കുടിയേറി. മതപരമായ ഘടകം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് മുസ്ലീങ്ങൾ വളരെ സ്നേഹമുള്ളവരാണെന്നും ഏറ്റവും നല്ലവരാണെന്നും അദ്ദേഹം പറഞ്ഞത്. നമ്മൾ നല്ലവരാണെങ്കിൽ, ജോലി നമ്മളെ തേടി വരും. നല്ല മനസ്സ് പ്രധാനമാണ്. ജീവിതത്തിലും ബിസിനസ്സിലും വിശ്വാസം പ്രധാനമാണ്. ഇതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. എന്റെ അനുഭവത്തിൽ, സാധാരണക്കാരിൽ ഭൂരിഭാഗവും മതപരമായ ഘടകമാണ് പരിഗണിക്കുന്നത്. ഉയർന്ന തലങ്ങളിലുള്ളവർ അത്തരം കാര്യങ്ങൾ നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്സിലേക്ക് ഇറങ്ങിയതിൽ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാൾ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയുമായി സഹോദര ബന്ധമാണുള്ളത്. അദ്ദേഹവുമായി ബിസിനസ് ബന്ധമില്ല. അദ്ദേഹം സമൂഹത്തിന് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യത്തിന് ഒരു മുതൽക്കൂട്ടാണെന്നും രവി പിള്ള പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പ്രവാസി പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയാം. അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഗുണം വ്യക്തിപരമോ കുടുംബപരമോ ആയ താൽപ്പര്യങ്ങൾ ഇല്ല എന്നതാണ്. അദ്ദേഹത്തിന് ഇന്ത്യയാണ് കുടുംബം. കേരളം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തനായ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam