
കോഴിക്കോട്: ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ പൊലിമ കൊവിഡ് കുറച്ചെങ്കിലും പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കവും വിശ്വാസികള്‍ പൂര്‍ത്തിയാക്കി. കൊവിഡിനെ തുടര്‍ന്ന് പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.
ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു.
വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകള്‍ വളരെ കുറവാണ്. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാള്‍ ഒരുക്കങ്ങള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങള്‍ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.
ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍. മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam