പളളിത്തർക്കത്തിൽ ഓ‍ർഡിനൻസ് വേണം; ഇടതുമുന്നണിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ

By Web TeamFirst Published Feb 2, 2021, 8:43 PM IST
Highlights

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അടക്കമുളളവർ കഴി‌ഞ്ഞ ദിവസം ആലുവ പാലസിലെത്തി മുഖ്യമന്ത്രിയെ കണ്ടിട്ടും ഓ‍ർഡനിൻസിന്‍റെ കാര്യത്തിൽ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. അങ്ങനെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അകമഴി‍ഞ്ഞ പിന്തുണ എൽ ഡി എഫ് പ്രതീക്ഷിക്കേണ്ട. 

പളളിത്തർക്കത്തിൽ ഓ‍ർഡിനൻസിന് തയാറാകാത്ത ഇടതുമുന്നണിക്ക് കടുത്ത മുന്നറിയിപ്പുമായി യാക്കോബായ സഭ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഓ‍ർഡിനൻസ് ഇറക്കിയില്ലെങ്കിൽ സഭാ ഭൂരിപക്ഷ മേഖലകളിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുന്നത് ആലോചിക്കുമെന്ന് സഭാ വൈദിക ട്രസ്റ്റി അറിയിച്ചു. യുഡിഎഫിനേയും തങ്ങൾ പൂർണമായി വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും യാക്കോബായ സഭ വിശദമാക്കുന്നു. 

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അടക്കമുളളവർ കഴി‌ഞ്ഞ ദിവസം ആലുവ പാലസിലെത്തി മുഖ്യമന്ത്രിയെ കണ്ടിട്ടും ഓ‍ർഡനിൻസിന്‍റെ കാര്യത്തിൽ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. അങ്ങനെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അകമഴി‍ഞ്ഞ പിന്തുണ എൽ ഡി എഫ് പ്രതീക്ഷിക്കേണ്ട. സഭാ ഭൂരിപക്ഷ മേഖലകളിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നി‍ർത്തി വിജയിപ്പിക്കാൻ കഴിയുമെന്നാണ് സഭാ വൈദിക ട്രസ്റ്റി ഫാ. സ്ലീബാ വട്ടവേലിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. 

സെമിത്തേരി ബില്ലടക്കം ഇടതുസർക്കാരിന്‍റെ ഭാഗത്തുനിന്ന് സഭയ്ക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം തിരച്ചും സഹായിച്ചിട്ടുണ്ട്. ഓർഡിനൻസിന്‍റെ കാര്യത്തിൽ ഉറപ്പുനൽകാൻ തങ്ങളെ വന്നുകണ്ട യുഡിഎഫിനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവരെയും പൂർണവിശ്വാസത്തിൽ എടുക്കുന്നില്ലെന്നും യാക്കോബായ സഭ വിശദമാക്കുന്നു.

click me!