
തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആതിര ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് വൈകിട്ട് അരൂർമുഴി സെൻററിൽ സർവ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പറമ്പിക്കുളം കടുവ സങ്കേതത്തിൽ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സർവ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുതലമട കമ്പ്രത്ത് ചള്ളയിലായിരുന്നു മാർച്ചും ധർണയും നടന്നത്. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലും നാട്ടുാകർ പ്രതിഷേധിച്ചു. നെന്മാറ എംൽഎ കെ ബാബു ആലത്തൂർ എംപി രമ്യാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.