ഇനിയും തുറക്കാനായില്ലെങ്കിൽ 300 ശാഖകൾ പൂട്ടും, സമരത്തിന് പിന്നിൽ സിഐടിയു: മുത്തൂറ്റ് എംഡി

By Web TeamFirst Published Sep 3, 2019, 5:45 PM IST
Highlights

കുറച്ച് ജീവനക്കാരും പുറത്തുനിന്നുള്ള സംഘടിത ശക്തികളും ചേര്‍ന്ന് നിര്‍ബന്ധിതമായി ശാഖകള്‍ അടപ്പിക്കുന്നത് മൂലം കേരളത്തിലെ ശാഖകള്‍ അടച്ചുപൂട്ടാന്‍ കമ്പനി നിര്‍ബന്ധിതമാകുകയാണ് . 

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നത് സിഐടിയു തൊഴിലാളികളും അതില്‍ അംഗത്വമുള്ള മറ്റ് സംഘടനകളുമാണെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ ആരോപിച്ചു. കുറച്ച് ജീവനക്കാരും പുറത്തുനിന്നുള്ള സംഘടിത ശക്തികളും ചേര്‍ന്ന് നിര്‍ബന്ധിതമായി ശാഖകള്‍ അടപ്പിക്കുന്നത് മൂലം കേരളത്തിലെ ശാഖകള്‍ അടച്ചുപൂട്ടാന്‍ കമ്പനി നിര്‍ബന്ധിതമാകുകയാണ് . സമരം മൂലം ഇനിയും  തുറക്കാൻ ആയില്ലെങ്കിൽ 300ശാഖകൾ അടച്ചുപൂട്ടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

350 തൊഴിലാളികള്‍ ജോലി ചെയ്യുന്ന മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസില്‍ ഒരാള്‍ പോലും സമരത്തിലുള്ള സംഘടനയില്‍ അംഗങ്ങളല്ല. ആ സമരവുമായി സഹകരിക്കുന്നവരുമല്ല. 611 ബ്രാഞ്ചുകളില്‍ 300 എണ്ണവും ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ജോലിക്ക് കയറുന്നവരെ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. സമരം ചെയ്യുന്നവര്‍ ജീവനക്കാരെ മുറിയില്‍ പൂട്ടിയിടുന്ന അവസ്ഥയുമുണ്ട്.

Read Also: മുത്തൂറ്റ് സമരത്തിൽ നാടകീയ രംഗങ്ങൾ, സിഐടിയുവും ജീവനക്കാരും നേർക്കുനേർ, കുത്തിയിരുന്ന് എംഡി

ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് രണ്ടു വര്‍ഷമായി. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ ഒരു പരാതിയും ഇല്ല. സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള മിനിമം വേതനത്തിലും കൂടുതലാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്. 

കഴിഞ്ഞ രണ്ടര വർഷം കൊണ്ട് 10  ശതമാനത്തിൽ നിന്ന് 4.5ശതമാനമായി ബിസിനസ് കുറഞ്ഞു.കേരളത്തിൽ മാത്രം മിക്ക ശാഖയും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സമരത്തിൽ വന്നിരിക്കുന്ന പലരും മാസം 1.5ലക്ഷം ശമ്പളം വാങ്ങുന്നവരാണെന്നും  ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. 

Read Also: സിഐടിയു സമരം 14 ദിവസം പിന്നിടുന്നു, ജോലിക്കെത്തിയവര്‍ക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല

 

click me!