കൊച്ചി: എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ മറ്റൊരു വിഭാഗം ജീവനക്കാർ. ജോലി ചെയ്യാൻ സമരക്കാർ ജീവനക്കാരെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നാടകീയ രംഗങ്ങളാണ് കൊച്ചിയിലെ മുത്തൂറ്റ് ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം അരങ്ങേറിയത്. ഒടുവില്‍ സിഐടിയുക്കാർ സമരം അവസാനിപ്പിച്ചപ്പോഴാണ് സമരത്തിന് എതിരായ ജീവനക്കാർ തിരികെ ജോലിയില്‍ കയറിയത്. 

സമരം സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോർജ് അലക്സാണ്ടർ പറ‍ഞ്ഞു. കേരളത്തിലാകെ മുത്തൂറ്റിന് 611 ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫീസിൽ മാത്രം 350 ജോലിക്കാർ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാർ ഓഫീസിൽ എത്തിയിരുന്നു. ജോലി ചെയ്യാൻ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാൽ, സിഐടിയു പ്രവർത്തകർ ജീവനക്കാരെ തടഞ്ഞുവയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇത് തുടരുകയാണെന്നും എംഡി ജോർജ് അലക്സാണ്ടർ ആരോപിച്ചു.  

സമരവേദിയിൽ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് നിർദേശം ഇരു വിഭാഗവും തള്ളുകയായിരുന്നു. പൊലീസ് നിർദ്ദേശം ചെവിക്കൊള്ളാതെ ഓഫീസിന് മുന്നിൽ സമരാനുകൂലികളും സമരത്തെ എതിർക്കുന്നവരും രണ്ടായി തിരിഞ്ഞ്  മുദ്രാവാക്യം വിളിച്ചു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സം​രക്ഷണം ഒരുക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ആറ് മാസമായി തങ്ങൾ സമരം ചെയ്തുവരികയാണെന്ന് സമരാനുകൂലികളായ മുത്തൂറ്റിലെ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ശമ്പള കുടിശ്ശിക തീർക്കുക, തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറ് മാസമായി ആറ് തവണ കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂചനാ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. ഓ​ഗസ്റ്റ് 20 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും മാനേജ്മെന്റിനെ അറിയിച്ചിരുന്നതാണ്.

എന്നാൽ, ഇതിലൊന്നും യാതൊരു പ്രതികരണവും മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. തുടർന്ന് ലേബർ കമ്മീഷൻ ചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്ന് രണ്ട് പേർ വന്ന് ചർച്ചയ്ക്ക് തയ്യാറായത്. എന്നാൽ, തങ്ങൾക്കിതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് പറ‍ഞ്ഞ് അവർ  തിരികെ പോകുകയായിരുന്നു. തുടർന്നാണ് സമരം തുടങ്ങാന്‍ നിർബന്ധിതരായത്. കോടതിയിൽ ഞങ്ങൾ നടത്തുന്ന സമരം നിയമവിരുദ്ധമ‌ാണെന്ന് മാനേജ്മെന്റ് വാദിച്ചിരുന്നതായും സമരക്കാർ പറഞ്ഞു.

തൊഴിൽ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകുന്നുണ്ട് എന്നായിരുന്നു കമ്പനി ഉടമ ജോർജ് മുത്തൂറ്റിന്റെ വിശദീകരണം. ആനുകൂല്യങ്ങള്‍ നൽകിയിട്ടും സമരം ചെയ്യുന്നത് ധാർഷ്ഠ്യമാണ്. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ​ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ഹെഡ് ഓഫീസിന് മുന്നിൽ ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ജീവനക്കാർ നടത്തുന്ന ഉപരോധ സമരം സംഘർഷത്തിലേക്ക് നീങ്ങിയത്. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ, സിഐടിയു​ പ്രവർത്തകരും ജീവനക്കാരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്.

എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നിൽ മണിക്കൂറോളമാണ് ജീവനക്കാർ കാത്തുനിന്നത്. തുടർന്ന്  തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കണമെന്നും സംരക്ഷണമെരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാർ പൊലീസ് കമ്മീഷണറെ സമീപിച്ചു. പൊലീസ് സംരക്ഷണയിൽ ഹെഡ് ഓഫീസിൽ എത്തിയ ജീവനക്കാർ പോസ്റ്ററുകളും ബാനറുകളും ഉപയോ​ഗിച്ച് സമരക്കാർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാർ ചെറുക്കാൻ ശ്രമിച്ചതോടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. 

എന്നാല്‍, ഹെഡ് ഓഫീസിലെ മുഴുവന്‍  ജീവനക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്മെന്‍റ്  ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുത്തൂറ്റ് ശാഖകളില്‍ സിഐടിയു നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് എറണാകുളം ഹെഡ് ഓഫീസിലെ ജീവനക്കാരെ സമരാനുകൂലികള്‍ തട‌ഞ്ഞത്. ശമ്പള വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 14 ദിവസമായി മുത്തൂറ്റിനെതിരെ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഹെഡ് ഓഫീസ് ഉപരോധിക്കാന്‍ സിഐടിയു തീരുമാനിച്ചത്.

സമരം അവസാനിപ്പിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ മുത്തൂറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തുകയായിരുന്നു.