
കോട്ടയം: ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിര്‍ണായക ഘട്ടത്തിലേക്ക്. കൊല്ലപ്പെട്ട ബിന്ദു മോന് തൻ്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്.
പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിന്ദുമോനെ വകവരുത്താൻ മുത്തുകുമാർ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.
സെപ്റ്റബർ 26-ാം തീയതി ബിന്ദു മോനെ ചങ്ങനാശ്ശേരിയിലെ മുത്തുകുമാറിൻ്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികൾ മൂന്ന് പേരും ചേർന്ന് ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ബിന്ദു മോൻ്റെ മൃതദേഹം കുഴിച്ചിടുന്നതിനും ബിന്ദു മോൻ എത്തിയ ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുഹൃത്തായ ബിന്ദു മോനെ കൊന്ന് സ്വന്തം വാടക വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട ശേഷം മുങ്ങിയ മുത്തു കുമാറിനെ ആലപ്പുഴയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഐ ടി സി കോളനിയിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ആലപ്പുഴ നോർത്ത് പൊലീസ് മുത്തുകുമാറിനെ പിടികൂടിയത്. തുടർന്ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചു.
കൊലപാതക കാരണത്തെ പറ്റി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മുത്തു കുമാർ പൊലീസിനോട് പറഞ്ഞത്. മുത്തു കുമാറിന് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടു പ്രതികളെ കൂടി പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായി മനസ്സിലാവൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കോട്ടയം സ്വദേശികളായ ബിനോയ്, ബിബിൻ എന്നീ രണ്ട് പേര്‍ക്കും കൊലപാതകത്തിൽ പങ്കുണ്ട്. ഒളിവിൽ കഴിയുന്ന ഇവർ രണ്ടു പേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചെന്നും ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം കൊല്ലപ്പെടും മുമ്പ് ബിന്ദു മോന് ക്രൂരമായ മർദ്ദനമേറ്റിരുന്നെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ബിന്ദു മോന്റെ വാരിയെല്ലുകൾ മർദ്ദനത്തിൽ തകർന്നു പോയിരുന്നെന്നാണ് റിപ്പോർട്ട്. ആര്യാട് സ്വദേശി ബിന്ദുമോനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടിയ നിലയിൽ ഇന്നലെയാണ് പൊലീസ് മൃദദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam