
കോഴിക്കോട്: സിനിമ പ്രചരണപരിപാടിക്കിടെ കോഴിക്കോട് യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന കിട്ടാതെ അന്വേഷണ സംഘം. പരിപാടിയുടെ വീഡിയോ ഉൾപ്പെടെ പരിശോധിച്ചെങ്കിലും അതിക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം തീരുമാനിക്കാൻ സൈബർ വിദ്ധരെ ഉൾക്കൊളളിച്ച് അടുത്ത ദിവസം പൊലീസ് യോഗം ചേരും.
കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട്ടെ ഒരു മാളിൽ സിനിമ പ്രചരണ പരിപാടിക്കിടെ രണ്ട് യുവ നടിമാർക്ക് ദുരനുഭവമുണ്ടായത്. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന രണ്ട് ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സെടുത്തെങ്കിലും പ്രതികളെക്കുറിച്ച് ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. മാളിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും, സംഭവം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതാണ് പ്രധാന വെല്ലുവിളി. പരിപാടിക്ക് വന്ന മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധിക്കുക അപ്രായോഗികവുമാണ്.
നടിമാർക്കൊപ്പമുളള യുവാക്കളെ ദൃശ്യങ്ങൾ പിൻതുടർന്ന് കണ്ടെത്തി ചോദ്യംചെയ്യുക മാത്രമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾകൂടി പരിശോധിച്ച് അക്രമിയെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. നിലവിൽ ഇരുപതിലേറെ ആളുകളെ വിളിച്ചുവരുത്തി ഫോണുകൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. സംഭവമുണ്ടായ അന്ന് ഒരു യുവാവിന് നേരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇയാളെ കണ്ടെത്തി പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ അതിക്രമം കാണിച്ചത് ഇയാളല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
നടിമാർക്ക് വളരെ അടുത്തു നിന്നയാളുകൾ ആരൊക്കെയെന്ന് കണ്ടെത്തുകയാണ് അടുത്തഘട്ടം. ഇതിനായി പരിപാടിയുടെ സംഘാടകൾ, പരിപാടി ചിത്രീകരിച്ച മുഴുവൻ ആളുകൾ എന്നിവരുടെ സഹായവും പൊലീസ് തേടുന്നുണ്ട്. നിലവിൽ ശേഖരിച്ച ദൃശ്യങ്ങളിൽ അതിക്രമം നടന്നതിന്‍റെ വിദൂര ദൃശ്യങ്ങൾ പോലും കണ്ടെത്താനായിട്ടില്ല എന്നതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സൈബർ ഡോം വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം സമീപജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam