
വയനാട്: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ കോടതി വിധി പുറത്ത്. പ്രതികളുടെ വാദങ്ങളൊന്നും നില നിൽക്കില്ലെന്നും ഈട്ടിത്തടികൾ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്നും ഉത്തരവിൽ കോടതി പറയുന്നു. തടികൾ കണ്ടു കെട്ടിയതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷനൽ ജില്ലാ കോടതി തള്ളിയിരുന്നു.
തടികൾ സർക്കാറിൻ്റേതല്ലെന്ന് തെളിയിക്കാനായി ഒന്നും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസൻസ് ഉണ്ടെന്ന വാദവും പ്രതികൾക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങൾ സർക്കാർ ഉത്തരവുകളും സർക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും പറഞ്ഞ കോടതി, വന സമ്പത്ത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തു പറഞ്ഞു കൊണ്ടാണ് അപ്പീൽ തള്ളിയത്.
27 ഓളം കേസുകളിലാണ് അഗസ്റ്റിൻ സഹോദരന്മാർ അപ്പീൽ നൽകിയിരുന്നത്. തടികളുടെ ഉടമസ്ഥാവകാശം സർക്കാരിൻ്റേതല്ല, തങ്ങളുടെത് ആണെന്നായിരുന്നു പ്രതികളുടെ അവകാശ വാദം. ഇതാണ് കോടതി തള്ളിയത്. വനം വകുപ്പ് എടുത്ത കേസിന് പുറമേ മുട്ടിൽ മരംമുറി കേസിൽ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam