മരം മുറി: മുൻ മന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വ്യക്തമാക്കണമെന്ന് വിഡി സതീശൻ, ധാരണയില്ലെന്ന് കെ രാജു

By Web TeamFirst Published Jun 24, 2021, 1:07 PM IST
Highlights

മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ധര്‍ണ്ണയും സംഘടിപ്പിച്ചു. 

തിരുവനന്തപുരം: റവന്യു ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംകൊള്ളയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ സമാധാനം പറഞ്ഞേ തീരു എന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയത്. മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികൾ ബന്ധപ്പെട്ടതിന് വരെ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. 

മുൻ വനം മന്ത്രിയുടെ സ്റ്റാഫിന് പ്രതികളുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനം ആണെന്നും കബളിപ്പിക്കപ്പെട്ട ആദിവാസികൾക്കെതിരെ പോലും കേസെടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് യുഡിഎഫ് പുറകോട്ടില്ല. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും വരെ പങ്കുണ്ടെന്നിരിക്കെ നീതി കിട്ടും വരെ പ്രതിഷേധമെന്ന നിലപാടിലാണ് പ്രതിപക്ഷം. 

കൃഷിക്കാർക്ക് വേണ്ടി ഇറക്കിയ ഉത്തരവാണെങ്കിൽ പിന്നെ അത് എന്തിന് പിൻവലിച്ചുവെന്നാണ് കോൺഗ്രസ് നേതാന് പിടി തോമസ് ചോദിക്കുന്നത്.  കൊള്ളക്കാർ ആവശ്യത്തിന് മരം മുറിച്ചു കഴിഞ്ഞപ്പോഴാണ് ഉത്തരവ് പിൻവലിച്ചത്.  സി കെ ശശിന്ദ്രൻ  ഈട്ടി മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വയനാട് ജില്ലയിലെ റിസേർവ് ചെയ്ത് മരങ്ങൾ മുറിക്കാൻ വേണ്ടി നൽകിയ നിവേദനമാണ് ശശിന്ദ്രൻ കൈമാറിയത്. 

 മരം മുറിക്കുന്ന ആളെ മന്ത്രിയുടെ ഓഫീസിന് വിളിച്ചത് എന്തിന് എന്ന് മന്ത്രി പറയണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്ക് എതിരെയും കൂടി കേസ് എടുക്കണം. എത്ര ചെക്ക് പോസ്റ്റ് കടന്നാണ് ഈട്ടിത്തടി കൊച്ചി കരിമുകളിലെത്തിയത്.? മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉത്തരം പറയണമെന്നും പിടി തോമസ് പറഞ്ഞു 

അതേസമയം മരം മുറി പ്രതികൾ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് ധാരണയില്ലെന്നാണ് മുൻ മന്ത്രി കെ രാജുവിന്റെ പ്രതികരണം. പ്രതികളിൽ ആരെങ്കിലും ഓഫിസുമായി ബന്ധപ്പെട്ടിരുന്നോ എന്ന് അറിയില്ല.  ആർക്കെങ്കിലും ഓഫിസിൽ നിന്ന് മറുപടി കൊടുത്തിരുന്നോ എന്നും അറിയില്ല.  അത് ശ്രീകുമാറിനേ അറിയൂ എന്നും കെ രാജു പറഞ്ഞു.  മുറിച്ച മരം തിരിച്ചു പിടിക്കാനാണ് നിർദ്ദേശം നൽകിയതെന്നാണ് മുൻ വനം മന്ത്രിയുടെ വിശദീകരണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!