കേരളത്തിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് ; ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ട് സുപ്രീകോടതി

By Web TeamFirst Published Jun 24, 2021, 12:07 PM IST
Highlights
  • കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കയുണ്ട് 
  • കുട്ടികളെ അപകടത്തിലാക്കരുതെന്ന് കോടതി 
  • കേരളംപരീക്ഷാ സമയക്രമം അറിയിക്കണം 
  • കുട്ടികൾക്ക് ഹൈക്കോടതിയെ സമീപിക്കാം

ദില്ലി: കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷ നടത്തിപ്പിൽ തീരുമാനം കേരള ഹൈക്കോടതിക്ക് വിട്ട് സുപ്രീംകോടതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളോട് കേരള ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പരീക്ഷ നടത്തിപ്പിൽ വീഴ്ചയുണ്ടായാൽ സംസ്ഥാനത്തിന് മാത്രമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പന്ത്രണ്ടാം ക്ളാസ് സംസ്ഥാന സിലബസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബര്‍ വരെ പതിനൊന്നാം ക്ളാസ് പരീക്ഷ നീട്ടിക്കൊണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ച കോടതി കുട്ടികളെ പ്രതിസന്ധിയിലാക്കരുതെന്ന് പറഞ്ഞു. പന്ത്രണ്ടാം ക്ളാസ് പഠനം തുടങ്ങിക്കഴിഞ്ഞ വിദ്യാര്‍ത്ഥികളോടാണ് ഇപ്പോൾ പതിനൊന്നാം ക്ളാസ് പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നത്. പരീക്ഷ നടത്തിപ്പ് ഏതെങ്കിലും കുട്ടിയെ ബാധിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാനത്തിന് മാത്രമായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

അതിനിടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രപ്രദേശ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. .രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു. 

പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.  അഞ്ച് ലക്ഷത്തോളം കുട്ടികൾ ആന്ധ്രപ്രദേശിൽ പരീക്ഷ എഴുതുന്നുണ്ടെന്നാണ് ആന്ധ്ര സര്‍ക്കാരിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. 38000 ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുണ്ടെന്നും കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. കൊവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രീം കോടതി ചോദിച്ചു. 

ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബറിൽ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നെന്ന് നിലപാടെടുത്ത കോടതി  പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നൽകിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. 

പന്ത്രണ്ടാം ക്ളാസ് സംസ്ഥാന പരീക്ഷകൾ റദ്ദാക്കിയ സംസ്ഥാനങ്ങളോട് മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല പത്ത് ദിവസത്തിനം തയ്യാറാക്കാൻ നിര്‍ദ്ദേശിച്ച കോടതി പ്ലസ് ടു  പ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!