
വയനാട്: മുട്ടിൽ മരം മുറിക്കേസിൽ പിഴവുകൾ തിരുത്തി വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഫയലിൽ സ്വീകരിച്ചത്. കുറ്റപത്രം തയ്യാറാക്കൽ ലാഘവത്തോടെ കണ്ടതാണ് അടിസ്ഥാന കാര്യങ്ങളിൽ പോലും പിഴവുകൾ ഉണ്ടാകാൻ കാരണമെന്ന വിലയിരുത്തലാണ് വകുപ്പിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്.
മുട്ടിൽ മരം മുറിക്കേസിൽ അഞ്ചു വർഷത്തിന് ശേഷം വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രമാണ് വലിയ ചർച്ചകൾക്ക് ഇടയാക്കുന്നത്. കുറ്റപത്രം വൈകി സമർപ്പിക്കുമ്പോൾ എന്തുകൊണ്ട് വൈകി എന്ന് വിശദീകരിക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണ് എന്നാൽ അതുപോലും ഇല്ലാതെയാണ് വനം വകുപ്പ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇതായിരുന്നു ആദ്യ കുറ്റപത്രം മടക്കാനുള്ള പ്രധാന കാരണം. ഗൗരവമുള്ള കേസായിരുന്നിട്ടും പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ നിയോഗിച്ചത് താരതമ്യേന പരിചയക്കുറവ് ഉള്ള ഉദ്യോഗസ്ഥയെ.
മാത്രവുമല്ല കേസിന്റെ പ്രധാന ചുമതല വഹിക്കേണ്ട മേപ്പാടി റേഞ്ച് ഓഫീസറും സ്ഥലത്ത് പുതിയതാണ്. സ്ഥലം മാറി എത്തിയ റേഞ്ച് ഓഫീസർ ചാർജ് എടുത്തിട്ട് 25 ദിവസം മാത്രം. ഇതിനിടെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. കേസന്വേഷണത്തിന്റെ ചാർജിൽ ഉണ്ടായിരുന്ന പല ഉദ്യോഗസ്ഥരും ഇടയ്ക്ക് സ്ഥലം മാറിപോയതും തിരിച്ചടിയായി. 2021 ഇൽ രജിസ്റ്റർ ചെയ്ത ഏറെ വിവാദങ്ങൾ ഉണ്ടായ കേസിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത ആളുകളാണ് കുറ്റപത്രം തയ്യാറാക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നത്. കേസ് വനം വകുപ്പ് ഗൗരവത്തിൽ കൈകാര്യം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം.
ഹൈക്കോടതി വിലക്ക് നിലനിൽക്കുന്നതിനാലാണ് കുറ്റപത്രം വൈകിയത് എന്ന വിശദീകരണത്തോടെയാണ് പിഴവുകൾ തിരുത്തിയ കുറ്റപത്രം ഇന്നലെ വനം വകുപ്പ് വീണ്ടും സമർപ്പിച്ചത്. കസ്റ്റഡിയിൽ എടുത്ത മരത്തടികളും ലോറിയും കണ്ടു കെട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നും വനം വകുപ്പ് കോടതിയെ അറിയിക്കും. അടുത്ത മാസം 26 നാണ് കേസ് പരിഗണിക്കുക. പ്രതികൾക്ക് പറയാനുള്ളത് അന്ന് കോടതി കേൾക്കും ശേഷമാണ് കുറ്റം പത്രം വായിച്ചു കേൾപ്പിക്കുകയും വിചാരണ നടപടികളിലേക്ക് കടക്കുകയും ചെയ്യുക. വനം വകുപ്പിന്റെ 41 കേസുകളിൽ 1/21 കേസിൽ മാത്രമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്.
മരം കൊള്ളയ്ക്ക് ഇടയാക്കിയ 2021 ൽ അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവിനെ കുറിച്ചു അന്വേഷിക്കാനൊരുങ്ങുകയാണ് സർക്കാർ. ഉത്തരവിന് മറവിൽ നടന്നത് മഹാകുംഭകോണമെന്ന് വനംമന്ത്രി തന്നെ പറയുമ്പോൾ കേസ് അന്വേഷണത്തിനു ഇനി പ്രത്യേക സംഘത്തെ നിയോഗിക്കുമോ എന്നാണ് അറിയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam