മുട്ടിൽ മരം മുറി: വനം വകുപ്പ് കേസ് പ്രതികൾക്ക് ജാമ്യം; മീനങ്ങാടി പൊലീസ് എടുത്ത മറ്റൊരു കേസിൽ ജാമ്യമില്ല

By Web TeamFirst Published Oct 13, 2021, 2:45 PM IST
Highlights

ഈയടുത്താണ് മീനങ്ങാടി പൊലീസ് മറ്റൊരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വനം വകുപ്പ് കേസിൽ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാമെന്ന് കരുതിയ പ്രതികൾക്ക് പൊലീസിന്‍റെ നടപടി തിരിച്ചടിയായി.

വയനാട്: ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും മുട്ടിൽ മരം മുറിയിലെ (Muttil tree felling) പ്രതികൾക്ക് ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ പ്രതികൾക്ക് പുറത്തിറങ്ങാനാകില്ല.

ഈയടുത്താണ് മീനങ്ങാടി പൊലീസ് മറ്റൊരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കൈപ്പറ്റ മുക്കംകുന്നിൽ നിന്ന് രണ്ട് ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയതിന് മേപ്പാടി പൊലീസും അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് കേസിൽ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാമെന്ന് കരുതിയ പ്രതികൾക്ക് പൊലീസിന്‍റെ നടപടി തിരിച്ചടിയായി. എന്നാൽ, ക്രൈംബ്രാഞ്ചും വനം വകുപ്പും കേസിൽ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

പട്ടയ ഭൂമിയിൽ നിന്ന് സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയതിന് ആകെ 41 കേസുകളാണ് വനം വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 28നാണ് റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ ഡ്രൈവർ വിനീഷ് എന്നിവർ അറസ്റ്റിലായത്.

click me!