സർക്കാരിനെതിരെ കള്ളപ്രചാരവേല, സഹകരണ മേഖലയിലെ ഇഡി പരിശോധനയും സമാനം: എംവി ഗോവിന്ദൻ

Published : Sep 22, 2023, 02:21 PM ISTUpdated : Sep 22, 2023, 02:55 PM IST
സർക്കാരിനെതിരെ കള്ളപ്രചാരവേല, സഹകരണ മേഖലയിലെ ഇഡി പരിശോധനയും സമാനം: എംവി ഗോവിന്ദൻ

Synopsis

ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരുവന്നൂർ കേസിൽ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയതാണ്. ഇതിന് ശേഷം പാർട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസി മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ കൗൺസിലർമാരെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാവർക്കും വീട് എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം. കെ. ഫോൺ, എഐ ക്യാമറകൾ യാഥാർത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കഴിയണം. കേന്ദ്ര സർക്കാർ പണം നൽകാതെ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോർഡിന് നൽകി. സർക്കാരിൻ്റെ പ്രവർത്തനം മൂന്നായി തിരിക്കും. കഴിഞ്ഞ സർക്കാർ തുടങ്ങിയത് പൂർത്തിയാക്കും, ഈ സർക്കാരിന്റെ പദ്ധതികൾ പൂർത്തിയാക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ വലിയ തർക്ക മാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി മുൻ പ്രതിപക്ഷ നേതാവ് വലിയ അമർഷമാണ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയത്. കാലം സാക്ഷിയിൽ പറയുന്നത് ഹൈക്കമാൻഡിന്റെ ഇടപെടൽ കൊണ്ടാണ് രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവായി തുടരാനാകാഞ്ഞതെന്നാണ്. അതിലെ അമർഷമാണ് ചെന്നിത്തല ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തി പിന്നെ പിൻവലിച്ചത്. വാർത്താ സമ്മേളനത്തിൽ നേതാക്കൾ മൈക്കിന് വേണ്ടി പിടിവലി കൂടിയത് കണ്ടതാണ്. കോൺഗ്രസ് ഉന്നതരുമായി ബന്ധമുള്ള എബിൻ എന്ന പ്രതിയാണ് സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വേണ്ട മാറ്റങ്ങൾ വരുത്തും. എല്ലാ വകുപ്പും നല്ല രീതിയിലാണ് പോകുന്നത്. അധികാര കേന്ദ്രമാകാനുള്ള നീക്കം എല്ലാ തലത്തിലുമുണ്ട്. സ്വയം വിമർശനം നടത്തുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായത് കളള പ്രചാരണമാണെന്ന കാര്യത്തിൽ തർക്കമില്ല. വിശദമായി പരിശോധിച്ച ശേഷമാണ് പാർട്ടി തീരുമാനത്തിലെത്തിയത്. സഹകരണ മേഖലയിൽ ആക്ഷേപം ഒറ്റപ്പെട്ടതാണ്. കരുവനൂരിൽ സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കരുവന്നൂരിന്റെ പേരിൽ സഹകരണ മേഖല മുഴുവൻ അഴിമതിയാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർട്ടി അധ്യക്ഷനല്ലേ കാര്യങ്ങൾ പറയേണ്ടത്? അത് അനുവദിക്കാതെ മൈക്ക് പിടിച്ചുവാങ്ങുന്നത് ശരിയാണോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. വികസന വിശദീകരണ യോഗത്തിൽ പ്രതിപക്ഷം എതിർക്കുന്നത് അവർക്ക് പേടിയുള്ളത് കൊണ്ടാണ്. PV പിണറായിയല്ലെന്നും അത് പാർട്ടി പരിശോധിച്ച് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. താൻ ചോദിച്ച 7 ചോദ്യങ്ങൾക്ക് മാത്യു കുഴനാടൻ കൃത്യമായ മറുപടി നൽകിയിട്ടില്ല. അത് പറഞ്ഞ ശേഷമാകാം ബാക്കിയെന്നും അദ്ദേഹം പറഞ്ഞു.


Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്