ഷംസീർ പറഞ്ഞത് മുഴുവനും ശരി, മാപ്പും പറയില്ല, തിരുത്തിയും പറയില്ല: ലക്ഷ്യം തെരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദൻ

Published : Aug 02, 2023, 02:20 PM ISTUpdated : Aug 02, 2023, 02:40 PM IST
ഷംസീർ പറഞ്ഞത് മുഴുവനും ശരി, മാപ്പും പറയില്ല, തിരുത്തിയും പറയില്ല: ലക്ഷ്യം തെരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദൻ

Synopsis

ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണം

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ കൃത്യമായ വർഗീയ അജണ്ടയാണ്. ഷംസീറിനെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഒന്നിന്റെയും പേരിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണപതി മിത്താണ്. അല്ലാതെ ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. ഈ വിവാദങ്ങളുടെയെല്ലാം ലക്ഷ്യം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ്. കേരളത്തിലെ ജനങ്ങൾ ലോക നിലവാരത്തിലെ വിദ്യാഭ്യാസത്തിന് ഒപ്പമെത്തുകയാണ്. ഇങ്ങനെയെന്തെങ്കിലും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാൻ കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിന്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണം.

'ഇവരുടെ പ്രശ്‌നം വര്‍ഗീയ താല്‍പര്യങ്ങള്‍'; ഇടതുപക്ഷം വിശ്വാസികള്‍ക്കും വിശ്വാസത്തിനും എതിരല്ലെന്ന് പി ജയരാജന്‍

പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറരുതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ഭൂമി പരന്നതല്ലെന്ന് പഠിപ്പിച്ചത് ശാസ്ത്രമാണ്. ലോകവ്യാപകമായി  ശാസ്ത്രം മാറ്റം വരുത്തുന്നുണ്ട്. എന്നാൽ ശരിയായ ദിശാബോധത്തിലാണ് കാര്യങ്ങളെ കാണേണ്ടത്. അണു വിഭജിക്കാനാവില്ലെന്ന് പറഞ്ഞ ശാസ്ത്രം തന്നെ പിന്നീട് അണു വിഭജിക്കാനും ഉഗ്ര സ്ഫോടനം നടത്താനും കഴിയുമെന്ന് പറഞ്ഞു. വിശ്വാസികൾക്ക് അഭിപ്രായം പറയാം. എന്നാൽ വിശ്വാസത്തെ വിമർശിച്ചാൽ ഹിന്ദുക്കൾക്കും വിശ്വാസികൾക്കുമെതിരാണെന്ന പ്രചാരവേല ശരിയല്ല.

ക്ഷേത്ര ഭൂമി എൻഎസ്എസ് കൈവശം വച്ചിരിക്കുന്നു, ആദ്യം അത് തിരികെ നൽകൂ: സുകുമാരൻ നായരോട് എകെ ബാലൻ

സുരേന്ദ്രൻ ലീഗിനെ പേടിച്ചാണോ കോൺഗ്രസ് മിണ്ടാത്തതെന്ന് ചോദിച്ച ഉടൻ കോൺഗ്രസും രംഗത്ത് വന്നു. കോൺഗ്രസിന് വേണ്ടി ബിജെപിയും ബിജെപി പറയുന്നത് കോൺഗ്രസും പറയുകയാണ്. വിചാരധാരകൾ കയറിയിറങ്ങട്ടെയെന്ന് പറഞ്ഞ വിഡി സതീശന്റെ ഉള്ളിന്റെയുള്ളിൽ ഗോൾവാർക്കറാണ്. ശാസ്ത്ര താത്പര്യം അടിസ്ഥാനമാക്കി മനുഷ്യ സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് നൂതന ആശയങ്ങളെ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

തെറ്റായ പ്രവണതകളെ വച്ചുപൊറുപ്പിക്കാൻ കഴിയില്ല. വിശ്വാസികൾക്ക് അവരുടെ രീതിയിൽ പ്രതിഷേധിക്കാം. എന്നാൽ ആരുടെയും നേരെ കുതിരകയറാനൊന്നും വരേണ്ട. സഹിഷ്ണുതയോടെ കേൾക്കുകയും പറയുകയും മനസിലാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവണം എന്നാണ് പറയാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി