താൻ പറയുന്നത് രാഷ്ട്രീയമായിട്ടാണ്, വ്യക്തിപരമായിട്ടല്ല. ഇതിന് എൻഎസ്എസ് ജനറൽ സെക്രട്ടറി മറുപടി പറയണമെന്നും എകെ ബാലൻ പറഞ്ഞു
തിരുവനന്തപുരം: സുകുമാരൻ നായർക്കും എൻഎസ്എസിനുമെതിരെ സിപിഎം നേതാവ് എ കെ ബാലൻ. സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ലെന്നും അതിനെ തുടർന്നാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം എൻഎസ്എസിന്റെ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചായിരുന്നു വിമർശനം ഉന്നയിച്ചത്.
പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശം വെച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ടെന്ന് എകെ ബാലൻ പറഞ്ഞു. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് തിരികെ നൽകുകയാണ്.
താൻ പറയുന്നത് രാഷ്ട്രീയമായിട്ടാണ്, വ്യക്തിപരമായിട്ടല്ല. ഇതിന് എൻഎസ്എസ് ജനറൽ സെക്രട്ടറി മറുപടി പറയണം. സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. സ്പീക്കർ പറഞ്ഞത് ഇടതുപക്ഷ നയത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. അതിനെ വളച്ചൊടിച്ചാണ് പ്രതിഷേധമടക്കം സംഘടിപ്പിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചല്ല ഞാൻ പ്രവർത്തിച്ചതെന്ന് എകെ ബാലൻ പറഞ്ഞു. ഇവരുടെ ആരുടേയും മുന്നിൽ കൈകൂപ്പി നിൽക്കേണ്ട അവസ്ഥ എനിക്കില്ല. എ കെ ബാലൻ നുറുങ്ങാണ് എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് പൊതുസമൂഹത്തിന് അറിയാം.
ഈ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാം എന്നാണ് യു ഡി എഫ് കരുതുന്നത്. അത് നന്നായി പയറ്റി നോക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും പയറ്റി നോക്കിയതാണ് ഇപ്പോഴും പയറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു. എൻഎസ്എസിന്റെ നിയമനങ്ങൾ മെറിറ്റിന്റെ അടിസ്ഥാനത്തിലാണോയെന്ന് എകെ ബാലൻ ചോദിച്ചു. ഇതിനെല്ലാം അദ്ദേഹം മറുപടി പറയണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.
