എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്

Published : Oct 31, 2022, 01:25 PM ISTUpdated : Oct 31, 2022, 01:41 PM IST
എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്

Synopsis

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് എം.വി.ഗോവിന്ദനെ നിർദേശിച്ചത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ 

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദൻ. സിസിയോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് എം.വി.ഗോവിന്ദനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. കോടിയേരിക്ക് പകരക്കാരനായി പിബിയിലേക്ക് എം.വി.ഗോവിന്ദനെ നിയോഗിക്കുമെന്നത് നേരത്തെ തന്നെ ധാരണയായിരുന്നു. സിസി,പിബി യോഗങ്ങൾക്കായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ യെച്ചൂരി ഉൾപ്പെടെയുള്ളവരുമായി ചർച്ചകളും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങൾ. 

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. അഭിമാനമുണ്ട്. പാർട്ടി അർപ്പിച്ച വിശ്വാസം പ്രവർത്തനത്തിലൂടെ കാത്തുസൂക്ഷിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പിബി അംഗമെന്ന നിലയിലും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

രോഗബാധ അധികമായതിനെ തുടർന്ന് ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോഴാണ് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെര‍ഞ്ഞെടുത്തത്. രണ്ടാം പിണറായി സർക്കാരിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും എക്സൈസിന്റെയും ചുമതല വഹിച്ചിരുന്ന അദ്ദേഹം പാർട്ടി സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിപദവി ഒഴിഞ്ഞിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ