
തിരുവനന്തപുരം: സുരേഷ് ഗോപിയെ ചൊല്ലി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ വാക്പോര്. ഇന്നലെ തൃശൂരിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗം മുൻ നിർത്തിയാണ് വാക്പോര്. സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ തട്ടി വിട്ടാൽ ഒന്നും ബി ജെ പി കേരളത്തിൽ ജയിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിനിമാ ഡയലോഗുകൾ അല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനത്തെയും വിമർശിച്ചു.
എന്നാൽ സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി. സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണമെടുത്താണ് സുരേഷ് ഗോപി പാവങ്ങൾക്ക് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. സുരേഷ് ഗോപിയുടെ ചാരിറ്റിക്കെതിരെ എം വി ഗോവിന്ദൻ അപവാദ പ്രചരണം നടത്തിയെന്നും ബി ജെ പി അധ്യക്ഷൻ ആരോപിച്ചു. അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇന്നലെ തൃശൂരിൽ നൽകിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള പണം കൊള്ളയടിക്കുന്ന നീച സംഘമാണ് ഗോവിന്ദന്‍റെ പാർട്ടിയെന്നും കൂട്ടിവച്ചതിൽ പത്തു പൈസ പാവങ്ങൾക്ക് കൊടുക്കാറുണ്ടോ എന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.
സുരേഷ് ഗോപിയുടെ ഇന്നലത്തെ പ്രസംഗം
''ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഞാന്‍ ഹൃദയം കൊണ്ടാണ് ആവശ്യപ്പെടുന്നത്. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് തന്നെ, കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടികണക്കിന് രൂപ നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍ക്ക് വേണ്ടിയാണ്. വരൂ ട്രോള്‍ ചെയ്യൂ. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam