ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും പി സി ജോർജ് പറഞ്ഞു
കൊച്ചി: ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എം എൽ എയുമായ പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ കയ്യിൽ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വർണ്ണക്കടത്തും - ലൈഫ് മിഷൻ കേസും മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തൃശൂരിലെ റാലിയിൽ ഉയർത്തിയിരുന്നു. അഴിമതികേസുകളില്‍ സി പി എം നേതാക്കൾ തുടരുന്ന മൗനത്തിന് 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്ത് - ലൈഫ് മിഷൻ കേസുകൾ വീണ്ടും സജീവമായിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഈ രണ്ട് വിഷയങ്ങളും വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ശിവശങ്കറിന്‍റെ അറസ്റ്റോടെ ചർച്ചയായ ലൈഫ് മിഷനിൽ ദേശീയ അന്വേഷണ ഏജൻസികളുടെ അടുത്തനീക്കം എന്തായിരിക്കുമെന്ന ആകാംക്ഷക്കിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം വന്നത്. അഴിമതിക്കേസുകൾക്കൊപ്പം ത്രിപുരയിലെ സഖ്യം മുൻ നിർത്തി കോൺഗ്രസ്സിനും സി പിഎമ്മിനെയും ഷാ പരിഹസിക്കുകയും ചെയ്തു. കേരളത്തെ രക്ഷിക്കാനാണ് പ്രധാനമന്ത്രി പി എഫ് ഐ യെ നിരോധിച്ചതെന്നും അമിത്ഷാ പറഞ്ഞു. 9 വർഷത്തെ മോദി സർക്കാറിൻറെ വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് ഷാ ബി ജെ പിക്ക് വോട്ട് ചോദിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ശേഷം ബി ജെ പിയുടെ അടുത്ത ശ്രദ്ധകേന്ദ്രം കേരളമാണെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമായുള്ള ഷായുടെ റാലി.
