എങ്ങനെ വിശ്വസിച്ച് കഴിക്കും? ചെറുവത്തൂരിന് പിന്നാലെ സമാന സംഭവങ്ങളുടെ ആവര്‍ത്തനം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

Published : May 02, 2022, 08:18 PM ISTUpdated : May 02, 2022, 08:19 PM IST
എങ്ങനെ വിശ്വസിച്ച് കഴിക്കും? ചെറുവത്തൂരിന് പിന്നാലെ സമാന സംഭവങ്ങളുടെ ആവര്‍ത്തനം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

Synopsis

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം

തിരുവനന്തപുരം: അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നൽകി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്തും.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. പാതയോരങ്ങളിലെ ഐസ്ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കമുണ്ടോ എന്ന് പരിശോധിക്കും. സ്ഥാപനത്തിന് ശുചിത്വം ഉണ്ടെന്ന് ഉറപ്പാക്കും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സും റദ്ദാക്കുകയും ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം. ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതേസമയം, ചെറുവത്തൂരിലെ സംഭവങ്ങളുടെ നടുക്കം മാറും മുമ്പ് മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു.

വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ആശുപത്രി വിട്ടു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പു അറിയിച്ചു. ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദേഹാസ്വാസ്ഥമുണ്ടായതെന്നാണ് സംശയം.

ഇവർ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവർത്തിക്കുന്ന ഫാത്തിമ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്‍റെ സാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഷവർമ കഴിച്ചു മരിച്ച ചെറുവത്തൂർ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽവിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

സംഭവത്തിൽ ഹോട്ടലുടമയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മരണകാരിയായ ഷവർമ്മ നിർമ്മിച്ച ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്. ദേവനന്ദ മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ