
കൊല്ലം: സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മൂന്നാം എൽഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയൻ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. കൊല്ലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. എകെ ബാലനും പികെ ശ്രീമതിക്കും ഇളവുണ്ടാവില്ല. 75 വയസ്സ് പൂർത്തിയായവരെ മാറ്റും. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഇളവ് അനുവദിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കാര്യം പിബിയാണ് തീരുമാനിക്കുക. താൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരണോയെന്ന കാര്യം സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുക.
മുസ്ലിം ലീഗിനെ എൽഡിഎഫിന് ആവശ്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോൾ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുമ്പോഴേ അക്കാര്യം ചർച്ച ചെയ്യൂ. സ്വകാര്യ നിക്ഷേപങ്ങൾക്കായി കേരളം തുറന്ന് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ ഉയരാൻ പോവുകയാണ്. അംബാനിയെയും അദാനിയെയും ആവശ്യമില്ല. കേരളത്തിൽ നിന്ന് തന്നെ മുതലാളിമാർ ഉയർന്നു വരും. സിപിഎമ്മിൻ്റെ ഈ സംസ്ഥാന സമ്മേളനം കേരളത്തിന്റെ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam